ബംഗ്ലാദേശിൽ വീണ്ടും വർഗീയ കലാപം: ഇതര മതസ്ഥനെ തല്ലിക്കൊന്ന് കത്തിച്ചു
ധാക്ക: ഇസ്ലാം മതത്തെ അപമാനിച്ചു എന്നാരോപിച്ച് ഇതര മതസ്ഥനെ പ്രക്ഷോഭകാരികൾ തല്ലി കൊന്ന് കത്തിച്ചു. ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിലാണ് സംഭവം. ടെക്സ്റ്റൈൽ ഫാക്ടറിയിൽ ജോലി ചെയ്യന്ന ദീപു ചന്ദ്ര ദാസ് (30) എന്ന യുവാവിനെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലിട്ട് തീയിടുകയും ചെയ്തു.
ജൂലായ് പ്രക്ഷോഭത്തിലെ പ്രമുഖ നേതാവായിരുന്ന ശരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ കനത്ത സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടിരുന്നത്. ഇതിനിടെയാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്ന ടെക്സ്റ്റൈൽ ഫാക്ടറിയിൽ വച്ച് സംഘർഷം ഉടലെടുത്തത്. ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ദീപു മതനിന്ദ നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം.
ഫാക്ടറിക്ക് അകത്തും പുറത്തുമുള്ള ജനക്കൂട്ടം ദീപുവിനെ വളയുകയും മരണം സംഭവിക്കുന്നത് വരെ മർദ്ദിക്കുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പായ ശേഷം മൃതദേഹം ധാക്ക -മൈമൻസിംഗ് ഹൈവേയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കെട്ടിതൂക്കി തീയിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട തീവ്രവാദി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ മരണമാണ് ബംഗ്ലാദേശിലെ പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശിലെ പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളായ 'ഡെയ്‌ലി സ്റ്റാർ', 'പ്രോഥം ആലോ' എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രക്ഷോഭകാരികൾ മാദ്ധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നത്.
കൂടാതെ ഷെയ്ഖ് മുജീബുർ റഹ്മാന്റെ തകർന്ന വീടിന് നേരെയും വീണ്ടും ആക്രമണങ്ങളുണ്ടായി. ദീപു ചന്ദ്ര ദാസിന്റെ മൃതദേഹം നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് അധികൃതരെ ഉദ്ധരിച്ച് ബിബിസി ബംഗ്ലാ അറിയിച്ചു.