കാപ്പ ചുമത്തി നാടുകടത്തി
Saturday 20 December 2025 1:31 AM IST
ആലുവ: സ്ഥിരംകുറ്റവാളിയായ ആലുവ കീഴ്മാട് ചാലക്കൽ മനാഫിനെ (37) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. റൂറൽ എസ്.പി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.സതീഷ് ബിനോയാണ് ഉത്തരവിട്ടത്. കൊലപാതകശ്രമം, കവർച്ച, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണിയാൾ.
കഴിഞ്ഞ ഓഗസ്റ്റിൽ കീഴ്മാട് മാറംപിള്ളിയിൽ വീടിന് മുൻവശം ഗതാഗത തടസമുണ്ടാക്കി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വീട്ടമ്മയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ ഇരുകക്ഷികളെയും വിളിച്ചുവരുത്തിയപ്പോഴും പരാതിക്കാരിയെയും ഭർത്താവിനെയും ഇയാൾ ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.