ഓൺലൈൻ വാതുവയ്‌പ് കേസ് : യുവരാജ്, സോനു സൂദ് , ഉർവശി എന്നിവരുടെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Friday 19 December 2025 7:15 PM IST

മുംബയ്: ഓൺലൈൻ വാതുവയ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്,​ റോബിൻ ഉത്തപ്പ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. യുവരാജ് സിംഗ്,​ റോബിൻ ഉത്തപ്പ,​ ഉർവസി റൗട്ടേല,​ സോനു സൂദ്,​ മിമി ചക്രവർ‌ത്തി,​ അങ്കുഷ് ഹസാര,​ നേഹ ശർമ്മ തുടങ്ങിയ പ്രമുഖരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവയ്പ് ആപ്പായ വൺ എക്സ് ബെറ്റുമായി ബന്ധപ്പെട്ട കേസിലാണ് ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമെതിരായ ഇ.ഡി നടപടി.

യുവരാജ് സിംഗ് (2.5 കോടി)​,​ റോബിൻ ഉത്തപ്പ (8.26 ലക്ഷം)​,​ ഉർവശി റൗട്ടേല (2.02 കോടി)​,​ സോനു സൂദ് (ഒരു കോടി രൂപ)​,​ മിമി ചക്രവർത്തി (59 ലക്ഷം)​,​ ​ അങ്കുശ് ഹസ്ര (47.40ലക്ഷം),​ നേഹ ശർമ്മ (1.26 കോടി)​ എന്നിങ്ങനെ ആകെ 7.93 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുമ്പ് ഈ കേസിൽ ശിഖർ ധവാന്റെ 4.55 കോടിയുടെയും സുരേഷ് റെയ്നയുടെ 6.64 കോടിയുടെയും ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതുവരെ ഈ കേസിൽ 19.07 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

വ്യക്തികളെയും നിക്ഷേപകരെയും കോടിക്കണക്കിന് രൂപ വഞ്ചിക്കുകയോ വലിയ തോതിലുള്ള നികുതി വെട്ടിപ്പിൽ ഏർപ്പെടുകയോ ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം.