ധനുഷ് ചിത്രത്തിൽ മമ്മൂട്ടി

Saturday 20 December 2025 6:56 AM IST

ധനുഷ് നായകനായി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി. ഡി 55 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിൽ സായ്‌ പല്ലവി ആണ് നായിക.ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ലോക് ബസ്റ്രറിനുശേഷം രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയും ദിലീപും പ്രധാന വേഷത്തിൽ എത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിൽ ക്യാമിയോയി ധനുഷ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മാരി 2 നുശേഷം ധനുഷും സായ്‌ പല്ലവിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

2019ൽ റാം സംവിധാനം ചെയ്ത പേരൻപ് ആണ് തമിഴിൽ മമ്മൂട്ടി അവസാനം അഭിനയിച്ച ചിത്രം. ഒൻപതുവർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം കൂടി ആയിരുന്നു പേരൻപ്. അതേസമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജനുവരിയിൽ മമ്മൂട്ടി ജോയിൻ ചെയ്യും. മമ്മൂട്ടി അതിഥി താരമായി എത്തുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ, അഭിരാമി, ജോയ് മാത്യു, ഭീമൻ രഘു എന്നിവരോടൊപ്പം ഏതാനും പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത്തിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ബ്ളാക്ക് എന്ന ചിത്രത്തിലെ കാരക്കമുറി ഷൺമുഖൻ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തും എന്നാണ് വിവരം. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. ജനുവരിയിൽ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. നിതീഷ് സഹദേവിന്റെയും ഖാലിദ് റഹ്‌മാന്റെയും ചിത്രത്തിലും അടുത്ത വർഷം അഭിനയിക്കും.