'വിവാഹ തട്ടിപ്പുകാരി'യായി നിഖില വിമല്‍; പെണ്ണ് കേസ് ജനുവരി 16ന്
നടി നിഖില വിമല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെണ്ണ് കേസ്' ജനുവരി 16ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹതട്ടിപ്പുകാരിയുടെ വേഷത്തിലാണ് നിഖില ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നിരവധി പേരെ വിവാഹം കഴിക്കുന്നുണ്ട് നിഖിലയുടെ കഥാപാത്രം. ട്രെയിലറിന് സമൂഹമാദ്ധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്സ്തമായ അവതരണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ സംവിധാനം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് വിവാഹ തട്ടിപ്പ് നടത്തുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്.
ഒരു പെണ്‍കുട്ടി ഓടിനടന്ന് ഒറ്റയ്ക്ക് വിവാഹ തട്ടിപ്പ് നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തയോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പല നാടുകളില്‍ പല പേരുകളിലൂടെയാണ് വിവാഹ തട്ടിപ്പ് നടത്തുന്നത്. ഇത് പിന്നീട് കേസാവുന്നതും അന്വേഷണം പുരോഗമിക്കുന്നതുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. പൊലീസ് വേഷത്തിലാണ് ഹക്കീം ചിത്രത്തിലെത്തുന്നത്.
ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍,സഞ്ജു സനിച്ചന്‍, അനാര്‍ക്കലി,ആമി,സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇ ഫോര്‍ എക്സ്പിരിമെന്റ്‌സ്, സീസ്റ്റുഡിയോസ് ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഉമേഷ് കെ ആര്‍, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷിനോസ് ആണ്. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്.