കാട്ടാനയ്‌ക്ക് നേരെ ക്രൂരമായ ആക്രമണം, വാലിൽ തീകൊളുത്തി കൊന്നു, മൂന്നുപേർ പിടിയിൽ

Friday 19 December 2025 9:10 PM IST

കൊളംബോ: കാട്ടാനയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. ശ്രീലങ്കയിലാണ് സംഭവം. 42നും 50നുമിടയിൽ പ്രായമുള്ള അനുരാധപുര സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്. ശ്രീലങ്കയിൽ വളരെ പവിത്രമായി കാണുന്ന മൃഗമാണ് ആന. കൊമ്പനാനയെ ആണ് ഇവർ ഉപദ്രവിച്ചത്. വാലിൽ തീപിടിച്ച ആന വേദന കൊണ്ട് പുളയുകയും തീകെടുത്താൻ നിലത്തുകിടന്ന് ഉരുളുകയും ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായി.

ആനയുടെ കാലിൽ വെടിയേറ്റിരുന്നു. വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. മുൻപും ഇതേ ആനയെ വേട്ടക്കാർ ഉപദ്രവിച്ചിരുന്നു. തങ്ങൾ ഇതേ ആനയെ ചികിത്സിച്ചിരുന്നതായും വനംവകുപ്പ് അറിയിച്ചു. ആനകളെ കൊല്ലുന്നത് ശ്രീലങ്കയിൽ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കാണിച്ച് കഴിഞ്ഞദിവസം ഒരു നിവേദനം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. കുറ്റവാളികൾക്ക് ശിക്ഷയും ഇവർ ആവശ്യപ്പെടുന്നു.

ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിയിട്ട് അരനൂറ്റാണ്ടോളമാകുന്നു. 1976ലാണ് ഇതിനുമുൻപ് വധശിക്ഷ നടന്നത്. അതിനാൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയേക്കുമെന്നാണ് വിവരം. പ്രതികളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്‌തു. വിളകളെ ആക്രമിക്കുന്ന ആനകളടക്കം വന്യജീവികളെ കൊല്ലുന്നതിന് ജനങ്ങൾ നാടൻ സ്‌ഫോടകവസ്‌തു ഉപയോഗിക്കുന്നത് ശ്രീലങ്കയിൽ പതിവാണ്.