'ബോംബെ' യുടെ ഓർമ്മയിൽ മുപ്പതാം വർഷത്തിൽ മണിരത്നവും മനീഷ കൊയ്‌രാളയും ബേക്കലിലേക്ക്

Friday 19 December 2025 9:18 PM IST

കാസർകോട് : ബേക്കൽ കോട്ടയുടെയും ബേക്കൽ ബീച്ചിന്റെയും സൗന്ദര്യം ആഗോളതലത്തിൽ അറിയിച്ച പ്രശസ്‌ത സിനിമ 'ബോംബെ' യുടെ സംവിധായകൻ മണിരത്നവും നായിക മനീഷ കൊയ്‌രാളയും ഛായാഗ്രഹകൻ രാജീവ് മേനോനും ഇന്ന് ബേക്കലിൽ എത്തും. ബോംബെ സിനിമയുടെയും ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചതിന്റെ മുപ്പതാം വാർഷികത്തിന്റെയും ഭാഗമായാണ് ഇരുവരുമെത്തുന്നത്.

ടൂറിസം വകുപ്പിന്റെ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇടപെട്ടാണ് മണിരത്നത്തെയും മനീഷ കൊയ്‌രാളയേയും ബേക്കലിലെത്തിക്കുന്നത്. സിനിമയിലെ നായകൻ അരവിന്ദ് സ്വാമി എത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസും വാർഷികപരിപാടിയിൽ പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലും അതിഥികൾ സംബന്ധിക്കും.

ഉയിരേ....ഉയിരെ....

സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനമായ 'ഉയിരേ...ഉയിരേ...' ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലും പരിസരത്തുമാണ്. പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ ബിച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ പരത്തിയത് 'ബോംബെ'യാണ്. സിനിമ റീലീസ് ചെയ്ത വർഷം തന്നെയാണ് ബേക്കലിലെ ടൂറിസം പദ്ധതികൾ പ്രമോട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ബേക്കൽ റീസോർട്സ് ഡവലപ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി) രൂപീകരിച്ചത്. കോടികളുടെ ടൂറിസം പദ്ധതികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു ലക്ഷ്യം. അരവിന്ദ് സാമി അവതരിപ്പിച്ച ശേഖർ നാരായണപ്പിള്ളയും മനീഷ അവതരിപ്പിച്ച ഷൈല ഭാനുവും തമ്മിലുള്ള പ്രണയത്തിന്റെ നിർണായകമുഹൂർത്തമാണ് ബേക്കലിൽ ചിത്രീകരിച്ച ഈ പാട്ടിലൂടെ തെളിയുന്നത്.

'പുടിക്കലയാ' എന്ന് ശേഖർ ചോദിക്കുന്നതും. 'പുടിച്ചിറുക്ക് എന്ന് ഷൈലയുടെ മറുപടി പറയുന്നതും ബേക്കലിലെ മനോഹരമായ സൂര്യാസ്തമയത്തിന്റെയും ഇളകിമറിയുന്ന കടലിന്റെയും പശ്ചാത്തലത്തിലാണ്.

സഞ്ചാരികളെ ആകർഷിക്കാൻ സിനിമ ടൂറിസം പദ്ധതി

കേരളത്തിന്റെ ഭംഗിയെ പശ്ചാത്തലമാക്കിയ അനശ്വര സിനിമകളുടെ ഓർമ്മകളെ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സിനിമാ ടൂറിസം പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുപോകുകയാണ്.ലോക സിനിമകളുടെ ചിത്രീകരണത്തിന് സാഹചര്യം ഒരുക്കുകയും പ്രത്യേക ക്യാമ്പയിനിലൂടെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിൽ പദ്ധതിക്ക് മണിരത്നം പിന്തുണ അറിയിച്ചിരുന്നു.

മണിരത്നത്തെപ്പോലുള്ള മഹാനായ സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും സിനിമാ ടൂറിസം പദ്ധതിക്ക് ഊർജമാകും.സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ബേക്കലിൽ നടക്കുന്ന ബോംബെ സിനിമയുടെ മുപ്പതാം വാർഷികം അഭിമാന നിമിഷമാകും- മന്ത്രി പി.എ.മുഹമ്മദ് റിയാസ്