കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഭീഷണിയായി ഓരുവെള്ളം

Friday 19 December 2025 9:34 PM IST

ആലപ്പുഴ:കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പുഞ്ചകൃഷിക്ക് ഓരുവെള്ളം ഭീഷണിയായത് കർഷകരെ ആശങ്കയിലാക്കുന്നു. തണ്ണീർമുക്കത്തെയും തോട്ടപ്പള്ളിയിലെയും സ്പിൽവേ ഷട്ടറുകൾ അടച്ചെങ്കിലും ഷട്ടറുകളുടെ വിടവിലൂടെയും തൃക്കുന്നപ്പുഴയിൽ തകരാറിലായ ചീപ്പിലെ ഷട്ടറുകളിലൂടെയും കവിഞ്ഞുകയറുന്ന ഓരുവെള്ളമാണ് കൃഷിക്ക് ഭീഷണിയാകുന്നത്. അമ്പലപ്പുഴ, പുറക്കാട്, തകഴി, നെടുമുടി കൃഷി ഭവൻ പരിധികളിലെ ഏക്കറുകണക്കിന് നെൽപ്പാടങ്ങളിലെ കൃഷിയാണ് പ്രതിസന്ധിയിലായത്.

പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലുണ്ടായ വേലിയേറ്റത്തിൽ തെക്കേ മേച്ചേരിവാക്ക പാടശേഖരത്തിലെ നെൽകൃഷി കഴിഞ്ഞ ദിവസങ്ങളിൽ ചീഞ്ഞുപൊന്തി. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായ തീവ്രവേലിയേറ്റത്തിന്റെയും ഓരുമുട്ടുതകരാറുകളുടെയും ഭാഗമായുളള ഓരുവെള്ള ഭീതിയിൽ കുട്ടനാട് മേഖലയിലെ പല പാടങ്ങളിലും പുഞ്ചകൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം ആഴ്ചകൾക്ക്മുമ്പേ അടച്ചെങ്കിലും സ്പിൽവേയിലെ മണ്ണും ചെളിയും നീക്കം ചെയ്തതിനാൽ ആഴംകൂടിയതനുസരിച്ച് ഒഴുക്കിന്റെ ശക്തിയും കൂടി.

തോട്ടപ്പള്ളിയിലെയും തണ്ണീർമുക്കത്തെയും ഷട്ടറുകൾ തകരാറുകൾ പരിഹരിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നതെങ്കിലും വേലിയേറ്റ സമയത്ത് ഷട്ടറുകളുടെ വിടവിലൂടെ ശക്തമായി വെളളം കരയിലേക്ക് ഇരമ്പികയറുന്നുണ്ട്. കുട്ടനാട്ടിലെ പമ്പ് ഹൗസുകളിൽ പലതും തകരാറിലായതിനാൽ പമ്പയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഓരുവെള്ളത്തി്ന്റെ കാഠിന്യം കുറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്

ഷട്ടറുകൾ ക്രമപ്പെടുത്തണം

 തൃക്കുന്നപ്പുഴയിൽ ചീപ്പിന്റെ ഷട്ടറുകൾ തകരാറിലായതിനാൽ കിഴക്കൻ മേഖലയിലേക്ക് വേലിയേറ്റ സമയത്ത് നല്ല ഒഴുക്കുണ്ട്

 ഇത്തരത്തിൽ കയറുന്ന വെള്ളം ഇടത്തോടുകളിലും പാടങ്ങളിലും കെട്ടികിടക്കുന്നതാണ് വിതകഴിഞ്ഞ പാടങ്ങളിൽ കൃഷിനാശത്തിനിടയാക്കുന്നത്

 തൃക്കുന്നപ്പുഴയിൽ നിന്നും വേലിയേറ്റത്തിൽ ഇരച്ചെത്തുന്ന വെള്ളം കരുവാറ്റ, തകഴി, പുറക്കാട് മേഖലകളിലെ പാടങ്ങളിലാണ് ഭീഷണിയായത്

 പുത്തനാറുവഴി പാടങ്ങളിലാകെ ഉപ്പ് വ്യാപിച്ചു. കരിയാർ മുടീലക്കരിടം, ചെട്ടുതറക്കരി, ബണ്ടേപ്പുറം, ഈഴാങ്കരി പാടങ്ങളിൽ പുഞ്ചകൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്

 തോട്ടപ്പളളി, തണ്ണീർമുക്കം, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ വേലിയേറ്റത്തിൽ വെള്ളം കടക്കാത്തവിധം ഷട്ടറുകൾ ക്രമപ്പെടുത്തുക മാത്രമാണ് പരിഹാരം.

വേരഴുകി കരിയും

പൂകൈതയാറിന്റെ കരകളിലുള്ള പാടങ്ങളിൽ ഒട്ടുമിക്കതിലും വിതയ്ക്കും വളർന്നുതുടങ്ങിയ നെൽച്ചെടികൾക്കും ഉപ്പുരസം കൂടിയ വെള്ളം ഭീഷണിയാണ്. ഉപ്പുരസം കൂടിയതിനാൽ നെൽച്ചെടികൾ വേരഴുകി കരിഞ്ഞുണങ്ങുന്ന നിലയിലാണ്.പ്രധാനമന്ത്രി ബസൽ ബിമാ യോജനയിലോ സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസിലോ കർഷകരിലധികം പേരും രജിസ്റ്റർ ചെയ്തിട്ടില്ല.

ഓരുവെള്ള ഭീഷണി കുട്ടനാട്ടിൽ സ്ഥിരമായി കൃഷിനാശത്തിനിടയാക്കുന്ന സ്ഥിതിയാണ്. ഇത്തവണ തോട്ടപ്പള്ളി, തണ്ണീ‌‌‌ർമുക്കം ഷട്ടറുകൾ അടച്ചെങ്കിലും തൃക്കുന്നപ്പുഴയിൽ നിന്ന് കവിഞ്ഞുകയറുന്ന വെള്ളം പുത്തനാർ വഴി തകഴി, പുറക്കാട്, കരുവാറ്റ മേഖലകളിലെ ഏക്കറുകണക്കിന് പാടങ്ങളിൽ നെൽകൃഷിയ്ക്ക് ഭീഷണിയാണ്

- മുഹമ്മദ്സാലി, കർഷകൻ, തകഴി

ഓരുവെള്ളം തടയാൻ ഓരുമുട്ടുകൾ സ്ഥാപിച്ചുവരികയാണ്. കർഷകരുടെ പരാതികൾ പരിഹരിക്കാൻ സത്വര നടപടി കൈക്കൊള്ളും

- അസി.ഡയറക്ടർ, കൃഷി വകുപ്പ്