സി.പി.എം നേതാവും കുടുംബവും സഞ്ചരിച്ച കാറിന് തീപിടിച്ചു, ഇലക്ട്രിക്കൽ തകരാറെന്ന് നിഗമനം

Friday 19 December 2025 9:36 PM IST

തുറവൂർ : സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കെ.എസ്.ഡി.പി ചെയർമാനുമായ സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച കാർ കത്തി നശിച്ച സംഭവത്തിൽ അരൂർ പൊലീസ് പരിശോധന നടത്തി. അപകടത്തിന് കാരണം വാഹനത്തിലെ ഇലക്ട്രിക്കൽ തകരാറുകളാകാമെന്നാണ് പൊലീസിന്റെയും അഗ്നിശമനസേനയുടെയും പ്രാഥമിക നിഗമനം.

ബോണറ്റിൽ എലി കയറി വയറുകൾ മുറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാത്രി 10.30ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങരയിലാണ് ചന്ദ്രബാബുവും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്. കാറിൽ നിന്ന് തീയുയരുന്നത് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ചന്ദ്രബാബു ഉൾപ്പടെയുള്ളവർ കാറിന് വെളിയിലിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. പത്തുവർഷം പഴക്കമുള്ളതാണ് മാരുതി സ്വിഫ്ട് കാർ. തുറവൂരിൽ മാതൃസഹോദരിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുത്തശേഷം അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രബാബുവും കുടുംബവും. അടുത്തിടെയും അംഗീകൃത സർവീസ് സെന്ററിൽ കാറിന്റെ സർവീസ് നടത്തിയിരുന്നതായി ചന്ദ്രബാബു പറഞ്ഞു.