തൊഴിലാളികൾക്കൊപ്പം സംവദിച്ച് കെ.സി.വേണുഗോപാൽ

Friday 19 December 2025 9:37 PM IST

അമ്പലപ്പുഴ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഘടനാപരമായ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കിടെ തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുന്നതിനിടെയായിരുന്നു തൊഴിലാളികളുമായുള്ള കെ.സി. വേണുഗോപാലിന്റെ കൂടിക്കാഴ്ച.

വാഹനത്തിൽ പുറക്കാട് പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോൾ തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ ഭാഗത്ത് കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കാണുകയും അവിടെ ഇറങ്ങി അവരുമായി ആശയവിനിമയം നടത്തുയുകമായിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടിയിലുള്ള ആശങ്ക തൊഴിലാളികൾ വേണുഗോപാലിനോട് പങ്കുവെച്ചു. സാധാരണക്കാരുടെ പട്ടിണിമാറ്റുകയും തൊഴിൽ അവകാശം ഉറപ്പാക്കുകയും ചെയ്തിരുന്ന കോൺഗ്രസ് സർക്കാരിന്റെ പദ്ധതിയെ തകർക്കാൻ മോദി സർക്കാരിനെ അനുവദിക്കില്ലെന്ന് അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.

തൊഴിലാളികൾ കൊണ്ടുവന്ന കപ്പയും മുളക് കറിയും വേണുഗോപാലിന് നൽകി. അവരോടൊപ്പം അത് കഴിച്ച കെ.സി. വേണുഗോപാൽ തൊട്ടടുത്ത കടയിൽ നിന്ന് ക്രിസ്മസ് കേക്ക് വരുത്തി തൊഴിലാളികൾക്ക് മുറിച്ച് നൽകിയ ശേഷമാണ് മടങ്ങിയത്.