നിയമനത്തിൽ സമുദായ റൊട്ടേഷൻ പാലിക്കണമെന്ന് സുപ്രീംകോടതി, കുസാറ്റിലെ നിയമനം ശരിവച്ചു
ന്യൂഡൽഹി: സംവരണ തസ്‌തികയിലെ ഒഴിവിലേക്ക് നിയമനം നേടിയശേഷം രാജിവച്ചാൽ ആ ഒഴിവു നികത്താൻ സാമുദായിക റൊട്ടേഷനാണ് പാലിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിച്ചു. അടുത്ത നിയമനം ആർക്കാണോ അവകാശപ്പെട്ടത് അവർക്ക് നൽകണം.
രാജിവച്ച സമുദായത്തിലെ ഉദ്യോഗാർത്ഥി റാങ്ക് ലിസ്റ്റിൽ ഉണ്ടെന്നത് നിയമനാവകാശമായി കാണാനാവില്ല.
വെയ്റ്റിംഗ് ലിസ്റ്റ് റിക്രൂട്ട്മെന്റിനുള്ള സ്രോതസല്ല. സംവരണവും റൊട്ടേഷൻ ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (കുസാറ്റ്)അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യം നിയമനം നൽകിയതിലൂടെ
പട്ടികജാതി സംവരണം നടപ്പായി കഴിഞ്ഞെന്നും ജീവനക്കാരി രാജിവച്ചതോടെ പുതിയ ഒഴിവാണുണ്ടായതെന്നും കോടതി വ്യക്തമാക്കി. ഇനിയതിൽ പട്ടികജാതി വിഭാഗത്തിന് അവകാശവാദമുന്നയിക്കാൻ കഴിയില്ല.
അപ്ലൈഡ് കെമിസ്ട്രി ഡിപ്പാർട്ടുമെന്റിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്‌ത ഒരു ഒഴിവിലേക്ക് ഒന്നാം റാങ്കുകാരി അനിത സി. കുമാറിന് നിയമനം നൽകിയിരുന്നു. മറ്റൊരു സർവകലാശാലയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ രാജിവച്ചു. റാങ്ക് ലിസ്റ്റിന് രണ്ടു വർഷം കാലാവധിയുണ്ടായിരുന്ന സാഹചര്യത്തിൽ രണ്ടാം റാങ്കുകാരിയായ പട്ടികജാതി വിഭാഗത്തിലെ ടി. രാധിക അവകാശവാദമുന്നയിച്ചെങ്കിലും നൽകിയില്ല. അടുത്ത ഊഴം ലത്തീൻ കത്തോലിക്ക അല്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനാണെന്ന് കുസാറ്റ് നിലപാടെടുത്തു. ഹൈക്കോടതിയും ഈ നിലപാട് അംഗീകരിച്ചതോടെ രാധിക സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.