കൊച്ചി നഗരത്തിൽ 21കാരന്റെ കഴുത്തിലെ ഒന്നരപവൻ സ്വർണമാല കവർന്നു, പിടിയിലായത് രണ്ട് പ്രായപൂർത്തിയാകാത്തവർ
Friday 19 December 2025 9:53 PM IST
കൊച്ചി: യുവാക്കളെ തടഞ്ഞു നിർത്തി കവർച്ച ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിപ്പുറം, ഫോർട്ട്‌കൊച്ചി സ്വദേശികളായ 17കാരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മൂന്നാമന് വേണ്ടി തെരച്ചിൽ തുടരുന്നു.
ഹൈക്കോടതിക്ക് സമീപം പെട്രോൾ പമ്പിനടുത്ത നടപ്പാതയിൽ ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു സംഭവം. തൃശൂർ സ്വദേശി അഭിജിത്ത് (21), സുഹൃത്ത് ക്രിസ്റ്റോ (21) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം ആദ്യം പണം ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ അഭിജിത്തിന്റെ കഴുത്തിൽ കിടന്ന 1.50 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നരപ്പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു. ചെറുക്കാൻ ശ്രമിച്ച ക്രിസ്റ്റോയുടെ മൊബൈൽ ഫോണും തകർത്തു. പൊട്ടിച്ചെടുത്ത മാല പണയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.