അദ്ധ്യക്ഷരും ഉപാദ്ധ്യക്ഷരും: ധാരണയിലേക്ക് മുന്നണികൾ

Saturday 20 December 2025 3:58 AM IST

മാവേലിക്കര: യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ മാവേലിക്കര നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനാർത്തേക്കുള്ള പേരുകൾ ഇത്തവണ തർക്കം കൂടാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും കണക്കിലെടുത്ത് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ലളിതാ രവീന്ദ്രനാഥും വൈസ് ചെയർമാനായി കെ.ഗോപനുമാണ് പരിഗണിക്കപ്പെടുന്നത്. മാവേലിക്കരയിൽ പാർട്ടി നേതൃത്വം എ ഗ്രൂപ്പിനായതിനാൽ മുൻസിപ്പൽ ചെയർമാൻ സ്ഥാനം ഐ ഗ്രൂപ്പിനും വൈസ് ചെയർമാൻ സ്ഥാനം എ ഗ്രൂപ്പിനുമാണ് നൽകാറുള്ളത്. ലളിത രവീന്ദ്രനാഥ് ഐ ഗ്രൂപ്പും കെ.ഗോപൻ എ ഗ്രൂപ്പും ആയതിനാൽ സംഘടനാതലത്തിൽ ഈ പേരുകൾക്ക് എതിർപ്പില്ല.

എന്നാൽ നിലവിലെ വൈസ് ചെയർപേഴ്സനായ കൃഷ്ണകുമാരിയെ കൂടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കൂടാതെ സാമുദായിക സന്തുലനാവസ്ഥ പരിഗണിക്കുമ്പോൾ മൂന്ന് ടേം കൗൺസിലറായിട്ടുള്ള സജീവ് പ്രായിക്കരക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകാനും നീക്കമുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള സുനി ആലീസ് എബ്രഹാമിനെ ചെയർമാൻ സ്ഥാനത്തേക്കും ഘടകക്ഷിയിൽ നിന്നുള്ള കോശിയെ വൈസ് ചെയർമാൻ ആക്കണമെന്ന ധാരണയും നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ 2 വർഷം ലളിതാ രവീന്ദ്രനാഥിനേയും തുടർന്നുള്ള രണ്ട് വർഷം കൃഷ്ണകുമാരിയേയും അവസാന വർഷം സുനി ആലീസ് എബ്രഹാമിനേയും ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് നീക്കം. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തുടക്കത്തിൽ കോശിയെ ഒരു വർഷത്തേക്കും അടുത്ത രണ്ട് വർഷം സജീവ് പ്രായിക്കരയേയും അവസാന രണ്ട് വർഷം കെ.ഗോപനേയും കൊണ്ടുവരാനും ആലോചനയുണ്ട്.

തെക്കേക്കര പഞ്ചായത്ത്

സി.പി.എമ്മിന് 14 സീറ്റുകളുളള തെക്കേക്കര പഞ്ചായത്തിൽ പ്രിയ വിനോദിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി രാജേന്ദ്രന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. എന്നാൽ ഇവർ രണ്ടുപേരും പടിഞ്ഞാറ് ലോക്കൽ കമ്മറ്റിയിൽ നിന്നുള്ളവരായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ നേതാവ് വിഷ്ണുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജി ഹരികുമാറിന്റെ പേരും പരിഗണക്കുന്നുണ്ട്.

ചെട്ടികുളങ്ങര

22ൽ 11 സീറ്റുകളുള്ള എൽ.ഡി.എഫ് ഗീതാ ലക്ഷ്മിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മറ്റ് പേരുകൾ ഒന്നും തന്നെ ഇവിടെ സജീവമായി ചർച്ച ചെയ്യുന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ധനേഷ് കുമാറിന്റെ പേരാണ് പരിഗണിക്കുന്നത്. എന്നാൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ കോൺഗ്രസ് വിമതനായി വിജയിച്ച പുഷ്പരാജനെ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി ഒപ്പം നിർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് സി.പി.എമ്മിൽ കടുത്ത എതിർപ്പുണ്ട്. ബി.ജെ.പി-8, കോൺഗ്രസ്-2, സ്വതന്ത്രൻ-1 എന്നതാണ് കക്ഷിനില. ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് നിലപാട് സ്വീകരിക്കില്ലെന്നും അതിനാൽ കോൺഗ്രസ് വിമതന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകേണ്ടതില്ലെന്നുമാണ് ഈ വിഭാഗം ഉയത്തുന്ന വാദം.