അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ധനുമാസത്തിലെ ആദ്യവെള്ളി ആചരണവും മഹാകാര്യ സിദ്ധി പൂജയും

Saturday 20 December 2025 12:00 AM IST
അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ നടന്ന മഹാകാര്യസിദ്ധിപൂജ തൊഴാൻ കാത്തു നിൽക്കുന്ന ഭക്തരുടെ നീണ്ട നിര

കോടിക്കുളം: അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ധനുമാസത്തിലെ ആദ്യ വെള്ളി ആചരണവും മഹാകാര്യസിദ്ധി പൂജയും നടന്നു. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പല ദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കാര്യസിദ്ധിപൂജയ്ക്ക് എത്തിച്ചേർന്നത്. താംബൂല സമർപ്പണം, സോപാന സംഗീതം, അറുനാഴി പായസനേദ്യം എന്നീ ചടങ്ങുകളും നടന്നു. ക്ഷേത്രത്തിൽ അസാമാന്യ തിരക്കനുഭവപ്പെട്ടെങ്കിലും വാഹന പാർക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. എത്തിച്ചേർന്ന മുഴുവനാളുകളെയും ഏറെ നേരം നീണ്ട ക്യൂവിൽ നിറുത്താതെ അന്നദാനം കഴിച്ചിറങ്ങാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കി. ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ പാറച്ചാലിൽ എന്നിവരടങ്ങുന്ന ഭരണ സമിതിയംഗങ്ങൾ നേതൃത്വം നൽകി.