പോക്സോ കേസിൽ 35 വർഷം കഠിനതടവ്

Saturday 20 December 2025 1:12 AM IST

നെടുമങ്ങാട്: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 35 വർഷം കഠിനതടവും ഒരുലക്ഷത്തി പതിനേഴായിരം രൂപ പിഴയും വിധിച്ചു. നെല്ലനാട് കുറ്ററ അസ്‌ലം മൻസിലിൽ മുഹമ്മദ് അസ്ലമിനെയാണ് (22) ശിക്ഷിച്ചത്. നെടുമങ്ങാട് അതിവേഗ പോക്സോ കോടതിയുടെതാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും ഇല്ലെങ്കിൽ ആറു മാസം അധികം തടവ് അനുഭവിക്കണമെന്നും ജഡ്ജ് സുധീഷ്കുമാർ വിധിച്ചു.

നാല് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കൂടെച്ചെന്നില്ലെങ്കിൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാഹനങ്ങളിൽ കടത്തി കൊണ്ടുപോയാണ് ഓരോ തവണയും പെൺകുട്ടിയെ പീഡിപ്പിച്ചത്.മാതാവിനോട് കുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്.26 സാക്ഷികളിൽ 23 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു.20 രേഖകൾ ഹാജരാക്കി.സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സരിതാ ഷൗക്കത്തലിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.എയ്ഡ് പ്രോസിക്യൂഷൻ സുനിത സഹായിയായി.