സത്യപ്രതിജ്ഞയ്ക്ക് മുമ്പേ വാഗ്ദാനം പാലിച്ച് പ്രതിനിധികൾ : ജനവിധിയിൽ കരയണഞ്ഞു, കടത്തുവഞ്ചി കടവിലും
പുതുക്കാട് : ഞായറാഴ്ച തദ്ദേശ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ് വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ കുറുമാലിപുഴയിലെ ഇറിഗേഷൻ കടവിൽ കടത്തുവഞ്ചി വെള്ളത്തിലിറക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രധാന വാഗ്ദാനമായിരുന്നു കടത്തുവഞ്ചി സൗകര്യമെന്നത്.
പുഴയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് കടത്ത് യാഥാർത്ഥ്യമാകുന്നതോടെ ദേശീയ പാതയിലെത്താൻ ഇനി 50 മീറ്റർ ദൂരം താണ്ടിയാൽ മതി. അല്ലങ്കിൽ എട്ട് കിലോമീറ്റർ ചുറ്റി വളയണമായിരുന്നു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി വിജു തച്ചംകുളം, രണ്ടാം കല്ല് വാർഡിലെ ജോയ് മഞ്ഞളി, എസ്.എൻ പുരം വാർഡിലെ ബേബി കീടായി എന്നിവരാണ് വാഗ്ദാനം പാലിച്ചത്. സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് വഞ്ചിയിറക്കാമെന്നായിരുന്നു വാഗ്ദാനം. വാക്ക് പാലിക്കാനായി ജനവിധി വന്ന് അടുത്തദിവസം തന്നെ വിജയികൾ പ്രവർത്തകരുടെ സഹകരണത്തോടെ വഞ്ചി വാങ്ങി. പുഴയുടെ ഇരുകരകളിലും വളർന്ന പാഴ്‌ച്ചെടികളും ചെളിയും നീക്കി. പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ അനുമതിയും ലഭ്യമായി. ഇനി മേജർ ഇറിഗേഷൻ വകുപ്പിന്റെ കൂടി അനുമതി ലഭിക്കണം. തുഴയുന്ന ആൾ ഉൾപ്പെടെ എട്ട് പേർക്ക് സഞ്ചരിക്കാം.
മുടങ്ങിയിട്ട് അഞ്ച് വർഷം
വർഷങ്ങളായി ഉണ്ടായിരുന്ന വഞ്ചി സർവീസ് അഞ്ച് വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. പഞ്ചായത്തിന്റെ വഞ്ചി സാമൂഹ്യ ദ്രോഹികൾ രാത്രിയിൽ ഒഴുക്കിക്കളഞ്ഞു. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ എസ്.എൻ പുരം, രണ്ടാം കല്ല് പ്രദേശവാസികളായ നൂറുക്കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ദേശീയപാത നെല്ലായിയിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് കുറുമാലി പുഴയിലെ ഇറിഗേഷൻ കടവ്.