ഇന്ത്യയുടെ ഒരു വീരജവാന്റെ മൃത്യുവിന് പകരം പത്ത് ഭീകരരെ കാലപുരിക്കയക്കും, പ്രഖ്യാപനവുമായി അമിത് ഷാ

Thursday 10 October 2019 4:49 PM IST

മുംബയ്: ഇന്ത്യയുടെ ഒരു വീരജവാന്റെ മൃത്യുവിന് പകരം പത്ത് ഭീകരരെ കാലപുരിക്കയക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവെയാണ് അമിത്ഷാ തന്റെ നയം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സുരക്ഷ മുമ്പെങ്ങുമില്ലാത്ത തരത്തിൽ സുശക്തമായി കഴിഞ്ഞുവെന്നും ഷാ പറഞ്ഞു.

ലോകരാജ്യങ്ങൾക്കെല്ലാമറിയാം, തങ്ങളുടെ ഒരു ജവാന്റെ മൃത്യുവിന് പകരം പത്ത് ശത്രുക്കളെയായിരിക്കും ഇന്ത്യ കാലപുരിക്കയക്കുക എന്ന്. ജമ്മു കാശ‌്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദിയുടെ തീരുമാനത്തിനൊപ്പം തന്നെയാണ് ഈ ലോകം മുഴുവനും നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ മോദി ഈ വിഷയം ഉന്നയിച്ചപ്പോൾ കോൺഗ്രസും എൻ.സി.പിയും എതിർക്കുകയാണ് ചെയ്‌തത്. അവർ മഹാരാഷ്‌ട്രയിലെ ജനങ്ങളോട് ധൈര്യമുണ്ടെങ്കിൽ പറയട്ടെ, എന്തിനായിരുന്നു ആർട്ടിക്കിൾ 370 ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്തതെന്ന്.

മൻമോഹൻ സിംഗ് ഭരിച്ചിരുന്ന സമയത്ത് അതിർത്തിയിലൂടെ ഭീകരർ നുഴഞ്ഞുകയറുന്നതും സൈനികരെ വധിക്കുന്നതുമെല്ലാം ഒരു സ്ഥിരസംഭവമായിരുന്നു. എന്നാൽ ഇന്ന് മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം സുശക്തമായി തീർന്നിരിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ഒക്‌ടോബർ 21നാണ് മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. 24ന് ഫലമറിയാം.