പുതുവർഷത്തിലുമില്ല സുവോളജിക്കൽ പാർക്ക്
തൃശൂർ: ജനുവരിയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പുത്തൂരിലെ സുവോളജിക്കൽ പാർക്ക് തുറക്കൽ വൈകും. നേരത്തെ ബുക്ക് ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റുമാണ് നിലവിൽ പ്രവേശനമുള്ളത്. രണ്ടു മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്ന് മുഴുവൻ പക്ഷിമൃഗാദികളേയും എത്തിക്കാനായിട്ടില്ല. മൃഗങ്ങളെ മാറ്റാനുള്ള അനുമതി ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കും. പത്ത് മാനുകൾ നായ്ക്കളുടെ കടിയേറ്റ് ചത്തതോടെ മൃഗങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമാണ്. വിദ്യാർത്ഥികളുടെ ക്രിസ്മസ് അവധി ജനുവരി അഞ്ച് വരെയുള്ള സാഹചര്യത്തിൽ കുടുംബസമേതം പാർക്ക് സന്ദർശിക്കാനാകുമെന്ന പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇടംപിടിക്കുന്ന അഭിമാന പദ്ധതിയായ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കൽ വൈകുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധവുമുണ്ട്.
ഒരു ദിവസം മുഴുവൻ കാണാം പക്ഷേ...
ഒരു ദിവസം മുഴുവൻ കാണാനുള്ള വിശാലമായ ഇടമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. എന്നാൽ ചുറ്റിക്കറങ്ങി കാണാനുളള സൗകര്യം ഒരുക്കേണ്ടതുണ്ട്. മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകൾ നിർമ്മിച്ചും വൈദ്യുതവേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്. വനംവകുപ്പിന്റെ കീഴിലാണ് മൃഗശാലയുടെ പ്രവർത്തനം. പ്രവേശന നിരക്ക് നിശ്ചയിച്ചിട്ടില്ല.
ആശങ്കകൾ, പ്രതിസന്ധികൾ
മൃഗങ്ങളെ മാറ്റാനുളള അനുമതി ഈ മാസം അവസാനിക്കും വരുന്ന വേനൽക്കാലം ജീവികൾക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കാം മുളങ്കാടുകളും കുന്നും പാറക്കെട്ടുകളും താപനില കൂട്ടും വെള്ളത്തിന്റെ ആവശ്യകത പ്രതീക്ഷിച്ചതിലും കൂടും
പുതിയ അതിഥികളും ?
തൃശൂർ മൃഗശാല അടയ്ക്കാൻ ഒരുങ്ങുമ്പോൾ ആൺ റിയ പക്ഷികൾ അടയിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ പുൽമേടുകളിൽ കണ്ടുവരുന്ന ഒട്ടകപക്ഷിയോട് രൂപസാദൃശ്യമുള്ള റിയ ഒൻപതുവർഷമായി മൃഗശാലയുടെ കൗതുകമാണ്. പ്രജനനകാലം ജൂലായ് മുതൽ ജനുവരി വരെയാണ്. ആൺ റിയകൾ ചെറിയ കുഴി തുരന്ന് അതിൽ ഇലകളും പുല്ലും ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഏകദേശം 30 മുട്ടകൾ വരെ ഇടും. 2023 ൽ 13 റിയ കുഞ്ഞുങ്ങൾ വളർച്ച പൂർത്തിയാക്കിയെങ്കിലും 2024 ൽ മൂന്ന് കുഞ്ഞുങ്ങൾ മാത്രമാണ് അതിജീവിച്ചത്. മൃഗശാലയിൽ 12 റിയ പക്ഷികളാണുള്ളത്. 2016 ൽ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് നാലു പക്ഷികളെയാണ് കൊണ്ടുവന്നത്.
വിനോദമല്ല, മൃഗങ്ങളുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഓഡിറ്റിംഗ് നടത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിവേണം പാർക്കിലേക്ക് പൊതുജനങ്ങളെ കടത്തിവിടാൻ.
എം.പീതാംബരൻ,
സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ