ജില്ലാ സെക്രട്ടേറിയറ്റിൽ കുറ്റസമ്മതം : "മേയറെ കൂട്ടുപിടിച്ചു, തിരിച്ചടിച്ചു"
തൃശൂർ: സ്വതന്ത്രനായ എം.കെ.വർഗീസിനെ മേയറാക്കിയതാണ് അധ:പതനത്തിന് കാരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ. ഇത്രയ്ക്കും തിരിച്ചടി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അവസാന സമയത്ത് മേയറുടെ നിലപാടും പ്രസ്താവനകളും ക്ഷീണമുണ്ടാക്കി. മേയർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയപ്പോൾ പാർട്ടി പ്രവർത്തകരെ മാത്രമല്ല ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കി. ഒടുവിൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചതും തിരിച്ചടിയായി. ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണവും സുരേഷ് ഗോപിയെ പുകഴ്ത്തി പറഞ്ഞതുമാണ് സീറ്റുകൾ തീരെക്കുറയാൻ കാരണം. വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും കോർപറേഷനിൽ ഭൂരിപക്ഷം ലഭിച്ചില്ലെന്നത് തെറ്റ് തിരുത്താനുള്ള അവസരമായി കാണും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാം ശരിയാക്കാനുള്ള നീക്കത്തിന് തുടക്കം കുറിക്കാനും സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും തീരുമാനിച്ചു.
ഭരണവിരുദ്ധ വികാരം ബാധിച്ചില്ല
ഭരണ വിരുദ്ധ വികാരവും ശബരിമല വിഷയവും ജില്ലയിൽ ബാധിച്ചിട്ടില്ല. ക്ഷേത്ര നഗരികളിലെ വിജയം ഉദാഹരണമാണ്. ക്രോസ് വോട്ടിംഗ് പല സ്ഥലത്തും നടന്നു. അതാണ് യു.ഡി.എഫിന്റെ വിജയത്തിന് പ്രധാന കാരണം. വർഗീയ ശക്തികൾ ഒന്നിച്ച് എതിർത്തത് പരാജയത്തിന് കാരണമായി. ജില്ലയിലെ എൽ.ഡി.എഫ് അടിത്തറ ഭദ്രമാണെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിക്കുള്ളിലെ തർക്കങ്ങളും പരാജയത്തിന് മുഖ്യകാരണമായെന്നും നേതാക്കൾ പറഞ്ഞു. സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.
പരാജയത്തിന് പിന്നിലെ 10 കാര്യങ്ങൾ
1. മേയറുടെ നിലപാടും പ്രസ്താവനകളും
2. കീഴ്ഘടകങ്ങളിലെ സംഘടനാ പ്രശ്‌നങ്ങൾ
3. സ്ഥാനാർത്ഥി നിർണയവും കാലതാമസവും
4. പലസ്ഥലങ്ങളിലും നടന്ന ക്രോസ് വോട്ടിംഗ്
5. ക്രോസ് വോട്ടിംഗ് തുണച്ചത് യു.ഡി.എഫിനെ
6. ഭൂരിപക്ഷ മുസ്ലിം വോട്ടുകൾ യു.ഡി.എഫിനെ പിന്തുണച്ചു
7. ക്രൈസ്തവ സഭാ വോട്ടുകളും യു.ഡി.എഫിന് തുണ
8. ചില സ്ഥലങ്ങളിലെ വിമത സ്ഥാനാർത്ഥികൾ
9. നിറുത്തിയ സ്ഥാനാർത്ഥിയെ അംഗീകരിക്കാതെ വന്നത്
10. ചിലയിടങ്ങളിലെ പാർട്ടിയിലെ അഭിപ്രായ വ്യത്യാസം