കാത്തിരിപ്പു കേന്ദ്രമില്ലാതെ ചെക്കാലവിളാകം ജംഗ്ഷൻ
കടയ്ക്കാവൂർ: കടയ്ക്കാവൂരിലെ ചെക്കാലവിളാകം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ബാങ്കുകൾ,വൈദ്യുതി ഓഫീസുകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുന്നുണ്ട്. കടയ്ക്കാവൂർ വഴി മണനാക്ക്,ആറ്റിങ്ങൽ,ചിറയിൻകീഴ് ഭാഗത്തേക്കും കായിക്കര,വർക്കല ഭാഗത്തേക്കും പോകുന്ന മുപ്പത്തിയഞ്ചിൽപ്പരം സർവീസ് ബസുകൾ ഈ ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. ഇത്രയും തിരക്കുള്ള ഇവിടെ കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാണ്. വെയിലും മഴയും സഹിച്ചാണ് നൂറുകണക്കിന് യാത്രക്കാർ ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
എം.പിക്കും എം.എൽ.എയ്ക്കും മറ്റ് അധികൃതർക്കും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാനുള്ള സ്ഥലസൗകര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. ആവശ്യത്തിന് സ്ഥലമുണ്ടെന്നും അടിയന്തരമായി ജംഗ്ഷനിൽ ബസ് കാത്തിരിപ്പുപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.
വിദ്യാർത്ഥികളും രോഗികളുമെല്ലാം വെയിലും മഴയും ഏൽക്കാതിരിക്കാൻ കടത്തിണ്ണകളെ ആശ്രയിക്കുകയാണ്.ഇതിനൊരു പരിഹാരം കാണണം.
കടയ്ക്കാവൂർ ജനകീയ പൗരസമിതി