നന്ദി, വാരിയേഴ്സ് ....... കണ്ണൂർ ഇന്ന് ഉറങ്ങില്ല
കണ്ണൂർ:സൂപ്പർ ലീഗ് കേരള കപ്പിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സി മുത്തമിട്ടപ്പോൾ കണ്ണൂരിനിത് ആഘോഷരാവ്. കടലാസിൽ കരുത്തേറിയ തൃശൂർ മാജിക് എഫ്.സിയെ പത്തുപേരിലേക്ക് ചുരുങ്ങിയിട്ടും വീഴ്ത്തിയത് കണ്ണൂരിന്റെ താരങ്ങളുടേയും ആർത്തിരമ്പിയ ഗാലറിയുടെയും പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്.
ഫൈനലിനെത്തിയ ജനസഞ്ചയം ഫുട്ബാൾ എന്ന മതത്തിന്റെ പ്രഖ്യാപനം പോലെയായിരുന്നു. ,സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലുമടക്കം നിറഞ്ഞുനിന്ന ചുവപ്പൻ ജേഴ്സി ധരിച്ച ആരാധകർ കണ്ണൂരിന്റെ കളിക്കമ്പത്തെ അക്ഷരാർത്ഥത്തിൽ തിരിച്ചുപിടിച്ചു.
പ്രതിരോധതാരം വികാസിന് പരിക്കേറ്റതടക്കമുള്ള പ്രതികൂല സാഹചര്യത്തിലും കണ്ണൂരിന്റെ കളിക്കാർക്ക് ധൈര്യം പകരുന്നതായിരുന്നു ഗാലറിയിലെ പിന്തുണ. വികാസിന് പകരം അശ്വിൻ കുമാറാണ് ആദ്യ ഇലവനിൽ എത്തിയത്. 4-3-3 ഫോർമേഷനിൽ ഇറങ്ങിയ കണ്ണൂർ ആദ്യ മിനിറ്റുകളിൽ തന്നെ മേൽക്കൈ നേടി. പതിനഞ്ചാം മിനിറ്റിൽ സിനാൻ നൽകിയ മനോഹരമായ ക്രോസ് സെക്കൻഡ് പോസ്റ്റിൽ നിന്ന് അസിയർ ഗോമസ് ഹെഡ് ചെയ്തു. ഗോളാകേണ്ടിയിരുന്ന പന്ത് തൃശൂർ പ്രതിരോധതാരം തേജസ് കൃഷ്ണ കൈകൊണ്ട് തടുത്തപ്പോൾ ആദ്യം റഫറി ഇടപെടാൻ തയ്യാറായിരുന്നില്ല.എന്നാൽ കണ്ണൂർ താരങ്ങളുടെ അപ്പീലിനെ തുടർന്ന് ഫോർത്ത് റഫറിയുടെ നിർദേശപ്രകാരം പെനാൽറ്റി വിളിച്ചു. അങ്ങനെ പതിനെട്ടാം മിനിറ്റിൽ അസിയർ ഗോമസ് എടുത്ത പെനാൽറ്റി വലയിൽ കുടുങ്ങിയതോടെ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആവേശത്തിൽ പ്രകമ്പനം കൊണ്ടു.
ചുവപ്പിലും വീണില്ല ചുവപ്പിന്റെ ചങ്കൂറ്റം ഒന്നാം പകുതിയിൽ കണ്ണൂരിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. കീൻ ലൂയിസ് എറിഞ്ഞ ലോംഗ് ത്രോ ഷിജിൻ ഓടിയെടുത്ത് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഉഗ്രൻ ഷോട്ട് തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ മനോഹരമായി തടുത്തു. മറുവശത്ത്, തൃശൂർ മാജിക് പ്രതിരോധത്തിലൂന്നിയ 4-4-2 ഫോർമേഷനിലും കൗണ്ടർ അറ്റാക്ക് നടത്തി.എന്നാൽ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തൃശൂരിന്റെ കെവിനെ തടയാൻ ശ്രമിച്ച പ്രതിരോധതാരം സച്ചിൻ സുനിലിന് റെഡ് കാർഡ് കിട്ടിയതോടെ കണ്ണൂർ പത്തുപേരിലേക്ക് ചുരുങ്ങി.
എന്നാൽ ആരാധകരുടെ പിന്തുണയിൽ ആതിഥേയർ കടുത്ത പോരാട്ടം തന്നെ നടത്തി. കണ്ണൂരിലെ ഓരോ പാസിലും ടാക്ളിംഗിലും ക്ലിയറൻസിലും അലമാല പോലെയാണ് ആർപ്പുവിളി ഉയർന്നത്.