ശബരിമലയിൽ ഇ.ഡിക്ക് അനുമതി: സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ കോ​ടി​ക​ൾ​ ​തെളി​യും

Saturday 20 December 2025 12:22 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകൾ ഇ.ഡി അന്വേഷിക്കുന്നതോടെ കേസിന്റെ ദിശമാറും. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് വേണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് ഇന്നലെ അനുവദിച്ചതോടെയാണ് കേസിന് പുതിയ മാനം കൈവന്നത്.

ശ്രീകോവിലിലെ സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ്ഭണ്ഡാരിയെയും സ്വർണംവാങ്ങിയ ബെല്ലാരിയിലെ റോദ്ധം ജുവലറിയുടമ ഗോവർദ്ധനെയും ഇന്നലെ എസ്.ഐ.ടി അറസ്റ്റു ചെയ്തത് ഇ.ഡി കേസിന് ബലം നൽകും. കൊള്ളമുതൽ വിറ്റുകിട്ടിയ പണം ആരുടെയൊക്കെ കീശകളിലെത്തി, അതെങ്ങനെ വിനിയോഗിച്ചു എന്നതടക്കം അന്വേഷിക്കാൻ ഇവരുടെ അറസ്റ്റ് സഹായിക്കും. രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീളും.

ഈ‌ഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകിട്ട് നാലോടെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതിയുണ്ടാക്കിയതിലും ആസൂത്രിത കൊള്ള നടത്തിയതിലും പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. അന്തർ സംസ്ഥാന ബന്ധം വന്നതോടെ സി.ബി.ഐയും രംഗപ്രവേശം ചെയ്തേക്കാം.

എസ്.ഐ.ടി അറസ്റ്റു ചെയ്തവരെയെല്ലാം ഇ.ഡി സ്വന്തം കേസിൽ അറസ്റ്റുചെയ്യും. ആറുമാസംവരെ ജാമ്യം നിഷേധിക്കാം. പ്രതികളുടെയും സംശയനിഴലിലുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, സമ്പാദ്യം, കള്ളപ്പണം, ബിനാമി ഇടപാടുകൾ എന്നിവയിലേക്കെല്ലാം അന്വേഷണം നീളാം. സ്വത്തുക്കൾ കണ്ടുകെട്ടാം. സംശയമുള്ള നേതാക്കളെയടക്കം വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്താൻ അധികാരമുണ്ട്. മൊഴികൾ കോടതിയിൽ തെളിവാകും.എൻ.വാസു, എ.പത്മകുമാർ എന്നിവർക്ക് മുകളിലുള്ളവരെ പിടികൂടാൻ എസ്.ഐ.ടിക്കായിട്ടില്ല.

കേസിൽ പങ്കുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് ഇ.ഡിയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. നേരിട്ട് പങ്കില്ലെങ്കിലും ഒത്താശ ചെയ്ത ഉന്നതരെയും പിടികൂടാൻ കഴിയും.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള കേന്ദ്രസർക്കാരിന്റെ ദംഷ്ട്ര എന്ന ചീത്തപ്പേരുള്ള ഇ.ഡി രംഗത്തിറങ്ങുന്നത് സർക്കാരിനെയും പാർട്ടിയെയും വലിയ സമ്മർദ്ദത്തിലാക്കും.

റെയ്ഡ് ഭീതിയിൽ

1. കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ എവിടെയും കയറാം. ലോക്കറുകൾ പരിശോധിക്കാം. രേഖകൾ പിടിച്ചെടുക്കാം

2. ഇ.ഡിയുടെ നടപടികൾ സിവിൽകോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരം

3. കുറ്റപത്രം നൽകിയാൽ, കു​റ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാക്കുന്ന വകുപ്പുകളുമുണ്ട്

എസ്.ഐ.ടിക്ക് വീഴ്ച:

ഹൈക്കോടതി

ശബരിമല സ്വർണപ്പാളി കവർച്ചക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഗുരുതരവീഴ്ചയെന്ന് ഇന്നലെ ഹൈക്കോടതി വിമർശിച്ചതും ശ്രദ്ധേയമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്‌മകുമാറിനെ അറസ്റ്റു ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ല. പ്രതിപ്പട്ടികയിൽ ചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കുറ്റപ്പെടുത്തിയത്. അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പറഞ്ഞു.