സ്ത്രീകളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മണിക്കൂറിനകം പ്രതികൾ പിടിയിൽ
കോട്ടയം: കാറിലെത്തി സ്ത്രീകളെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം പിടികൂടി പൊലീസ്. പത്തനംതിട്ട പരുമല കടപ്ര കുളത്തുമലയിൽ കെ.വി രവീന്ദ്രൻ(44), തിരുവനന്തപുരം കഴക്കൂടം പാങ്ങപ്പാറ ശ്രീകാര്യം ശങ്കരനിലയം രതീഷ് (44), പത്തനംതിട്ട പരുമല കടപ്രമലയിൽ തെക്കേതിൽ ശിവപ്രസാദ് (41), അയർക്കുന്നം തൈപ്പറമ്പിൽ അബ്രഹാം (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
16 ന് പുലർച്ചെ അഞ്ചരയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്താണ് സംഭവം. പള്ളിയിലേക്ക് നടന്നു പോയ പേരൂർ സ്വദേശികളായ പ്രായമായ രണ്ടു സ്ത്രീകളെ കാറിൽ വന്ന നാലുപേർ ആക്രമിച്ചശേഷം നാല് പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി ഫ്രോണെക്‌സ് കാറിലെത്തിയ നാലുപേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു.
ഏറ്റുമാനൂർ എസ്.എച്ച്.ഒ ശ്യാം, എസ്.ഐ അഖിൽ ദേവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട, ആലപ്പുഴ കൊല്ലം, കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച അഞ്ചാംപ്രതിയും പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.