അധികാരം പങ്കിടാൻ കരാറില്ല: സിദ്ധരാമയ്യ

Saturday 20 December 2025 1:03 AM IST

ബംഗളൂരു: രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറുണ്ടെന്ന അവകാശവാദം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ

ബി.ജെ.പി എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വരുംവരെ മുഖ്യമന്ത്രിയായി തുടരും. ആദ്യം ജനം നമ്മളെ അനുഗ്രഹിക്കണം. പിന്നെ നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തിരഞ്ഞെടുക്കും. അതിനുശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. അത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴും ഞാൻ മുഖ്യമന്ത്രിയാണ്, ഹൈക്കമാൻഡ് മറിച്ചൊരു തീരുമാനം എടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും- സിദ്ധരാമയ്യ പറഞ്ഞു.

പാർട്ടി അഞ്ചുവർഷത്തേക്കാണ് താങ്കളെ തിരഞ്ഞെടുത്തതെന്നും ഇപ്പോൾ രണ്ടര വർഷത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നുമാണ് ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ ആർ. അശോകൻ ചോദിച്ചത്. രണ്ടര വർഷത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കരാറില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നും 2028 ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും ദിവസങ്ങൾക്കു മുൻപ് സിദ്ധരാമയ്യ പറഞ്ഞിരുന്നു.