ആയുഷ് ഉത്പന്നങ്ങൾക്ക് ആയുഷ് മാർക്ക്

Saturday 20 December 2025 1:06 AM IST

ന്യൂഡൽഹി: പരമ്പരാഗത ഇന്ത്യൻ മരുന്നുകളുടെ (ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ഗുണനിലവാരം ഉറപ്പിക്കാനുള്ള 'ആയുഷ് മാർക്ക്' സർട്ടിഫിക്കേഷൻ നിലവിൽ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആയുഷ് മാർക്ക് പുറത്തിറക്കിയത്. ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ, ആധികാരികത എന്നിവ ഉറപ്പിച്ച് ഉപഭോക്തൃ വിശ്വാസം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ് മാർക്ക്. ലോകമെമ്പാടും ആയുഷ് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനാകുമെന്നും സർക്കാർ കരുതുന്നു.

 ആയുഷ് സ്റ്റാൻഡേർഡ് മാർക്ക്: ആയുഷ് ഉത്പന്നങ്ങൾക്കായുള്ള ദേശീയ അളവുകോൽ.  ആയുഷ് പ്രീമിയം മാർക്ക്: അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഔഷധങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം പാലിച്ചുള്ള അളവുകോൽ.

 ക്യൂസി.ഐ: മൂല്യനിർണ്ണയത്തിന് ശേഷം ആയുഷ് മാർക്ക് നൽകുക ഇന്ത്യൻ ക്വാളിറ്റി കൗൺസിൽ (ക്യൂസി.ഐ)

യോഗ പരിശീലനത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക റിപ്പോർട്ടും പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു. ഇന്ത്യയുടെ പരമ്പരാഗത ഔഷധ പൈതൃകത്തെ അടയാപ്പെടുത്തുന്ന 'അശ്വഗന്ധ സ്മാരക തപാൽ സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ചടങ്ങിൽ ഡൽഹിയിലെ പുതിയ ലോകാരോഗ്യ സംഘടന-തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സംഘടനയുടെ ഇന്ത്യാ ഓഫീസും ഇവിടെ പ്രവർത്തിക്കും. യോഗ പ്രോത്സാഹനത്തിനും വികസനത്തിനുമുള്ള അവാർഡുകൾ നേടിയവരെ പ്രധാനമന്ത്രി മോദി ആദരിച്ചു.