സ്വകാര്യ ബസ് സമയത്തെ ചൊല്ലി തർക്കം, കൊലപാതകം ; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും, 3.1 ലക്ഷം പിഴയും

Saturday 20 December 2025 1:36 AM IST

തൃശൂർ: സ്വകാര്യബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസുടമയെയും സഹോദരനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും സഹോദരൻ കൊല്ലപ്പെടുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും, 3.1 ലക്ഷം രൂപ പിഴയും ശിക്ഷ. മാന്ദാമംഗലം വെട്ടിക്കുഴിച്ചാലിൽ കുഞ്ഞുമോൻ (36), ആറാം പ്രതി മരോട്ടിച്ചാൽ ഇഞ്ചിപറമ്പിൽ പ്രകാശൻ (38), ഏഴാം പ്രതി മരോട്ടിച്ചാൽ കല്ലിങ്ങൽ അനൂപ് (39) എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ.കമനിസ് ശിക്ഷിച്ചത്. മരോട്ടിച്ചാൽ സ്വദേശി മന്തിരിക്കൽ വീട്ടിൽ ബിജുവിനെയും (37) സഹോദരൻ റിജുവിനെയും (34) ക്രൂരമായി മർദ്ദിച്ച കേസിലാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം കൂടുതൽ തടവ് അനുഭവിക്കണം. അടക്കുന്ന പിഴത്തുക മരിച്ച് റിജുവിന്റെ അവകാശികൾക്കും ബിജുവിനുമായി നൽകണം. തൃശൂർ മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ 2010 ജൂലായ് നാലിന് വൈകിട്ട് 7.45നായിരുന്നു സംഭവം. ബിജുവിന്റെ ബസ് തല്ലിപ്പൊളിച്ചതിനെ തുടർന്ന് കേസ് നൽകിയതിന്റെ വൈരാഗ്യത്തിൽ ഒന്നാം പ്രതി കീടായി ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്.ഐയായിരുന്ന എൻ.എസ്.സലീഷ് എടുത്ത കേസിൽ സി.ഐ: എം.കെ.കൃഷ്ണനാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി ബൈജുവും നാലാം പ്രതി ആന്റണിയും ഇതിനിടെ മരിച്ചു. മൂന്നാം പ്രതി പുളിഞ്ചോട് തൈയ്യിൽ അനൂപ് ഒളിവിലാണ്. അഞ്ചാം പ്രതി മാന്ദാമംഗലം സ്വദേശി പള്ളിക്കുന്ന് മോനായി ചികിത്സയിൽ കഴിയുകയാണ്. പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ.കെ.പി.അജയ് കുമാറാണ് ഹാജരായത്.