തിരുപ്പുറംകുണ്ഡ്രത്ത് ദീപം തെളിക്കൽ വിവാദത്തിൽ ആത്മഹത്യ

Saturday 20 December 2025 1:44 AM IST

മധുര:തിരുപ്പുറംകുണ്ഡ്രത്ത് കുന്നിൻ മുകളിൽ വിളക്ക് കൊളുത്താത്തതിന്റെ പേരിൽ ആത്മഹത്യ. മെഡിക്കൽ റെപ്രസെസന്റീവായ മുരുക ഭക്തൻ പൂർണ ചന്ദ്രനാണ് വ്യാഴാഴ്ച വൈകിട്ട് നാലോടെ മധുര പൊലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടത്തിൽ കയറി തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവം രാഷ്ട്രീയ വിവാദം കത്തിപ്പടരുകയാണ്.

പൊലീസ് മൃതദേഹം കണ്ടെടുത്ത് മധുര സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പൂർണചന്ദ്രന്റെ മൃതദേഹത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രമാ ശ്രീനിവാസൻ ആദരാഞ്ജലി അർപ്പിച്ചു. 'പൂർണ ചന്ദ്രന്റെ മരണം നിർഭാഗ്യകരമാണ്. ഇന്നലെ മുതൽ ഈ ദുഃഖം തമിഴരുടെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുകയാണ്. ധർമ്മത്തിനവേണ്ടി മരിക്കുകയല്ല, ധർമ്മത്തിനവേണ്ടി ജീവിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മധുര ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടതിൽ ഹൃദയം തകർന്നാണ് പൂർണ ചന്ദ്രൻ സ്വയം തീകൊളുത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് കൊളുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം നടക്കാതെ വന്നപ്പോൾ ഇന്ന് അമാവാസി ദിനത്തിൽ പൂർണ ചന്ദ്രനെ കാണാതായി. ഇതിന്റെ ഉത്തരവാദിത്വം ഡി.എം.കെ ഏറ്റെടുക്കണം.

പൂർണ ചന്ദ്രന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപ ധനസഹായവും ഭാര്യ ഇന്ദുമതിക്ക് സർക്കാർ ജോലിയും നൽകണം. ഹിന്ദു മുന്നണിയുടെയും ബി.ജെ.പിയുടെയും പേരിൽ പൂർണ ചന്ദ്രന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.