ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
Saturday 20 December 2025 2:00 AM IST
നെടുമ്പാശേരി: രാജ്യാന്തര വിപണിയിൽ ഏഴര കോടിയിലേറെ രൂപ വില വരുന്ന 7.6 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതിയടക്കം മൂന്ന് പേർ കൊച്ചി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായി.
അബുദാബി - കൊച്ചി എയർ അറേബ്യ വിമാനത്തിലെത്തിയ എരുമേലി സ്വദേശി സാഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പിള്ളി സ്വദേശി അൽഫാന എന്നിവരാണ് പിടിയിലായത്. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്നാണ് പ്രതികൾ അബുദാബി വഴി കൊച്ചിയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി മൂന്നു പേരെയും പിടികൂടുകയായിരുന്നു. ബാഗേജുകളിലാണ് പ്ലാസ്റ്റിക് കവറുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതികളെ കോടതി റിമാൻഡു ചെയ്‌തു.