വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

Saturday 20 December 2025 2:02 AM IST

* സാധനങ്ങൾ തട്ടിയെടുത്ത ശേഷം മർദ്ദിച്ച് വഴിയിൽ തള്ളി *

നെടുമ്പാശേരി: ദുബായിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവിനെ വിമാനത്താവളത്തിൽ വച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദ്ദിച്ച് മൊബൈൽ ഫോണും ബാഗും തട്ടിയെടുത്ത ശേഷം വഴിയിൽ തള്ളി.

കാസർകോട് കിഴക്കേക്കര തവക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 12.30ഓടെ കൊച്ചിയിലിറങ്ങിയ ശേഷം ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുമ്പോൾ പിന്നിൽ നിന്നു വന്ന മൂന്ന് പേർ തോക്കുചൂണ്ടി ബലമായി ഫോർച്യൂണർ കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നെന്നും മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു.

ഐഫോണും ഹാൻഡ് ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും കൈക്കലാക്കിയെന്നും സ്വർണം എവിടെയാണെന്നു ചോദിച്ച് മർദ്ദിച്ചു. പല സ്ഥലങ്ങളിലായി കറങ്ങിയ ശേഷം 2.30ഓടെ ആലുവ പറവൂർ കവലയിൽ ഇറക്കി വിട്ടു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

ദുബായ് അജ്മാനിൽ കാസർകോട് സ്വദേശി അമീർ, മലപ്പുറം സ്വദേശി സമീർ എന്നിവർ നടത്തുന്ന കഫറ്റീരിയയിൽ ഡെലിവറി ബോയാണ് മുഹമ്മദ് ഷാഫി. 2024 മേയിലാണ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ആദ്യമായാണ് നെടുമ്പാശേരി വിമാനത്താവളം വഴി വരുന്നത്.

ആലുവ ഡിവൈ.എസ്.പി പി.കെ. രാജേഷിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടികൊണ്ടുപോകലിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.