കോട്ടയം നഗരസഭയിൽ ചെയർമാൻ കസേര വീതം വയ്‌ക്കണ്ട അഭിപ്രായം കോൺഗ്രസ് കോർകമ്മിറ്റിയിൽ
കോട്ടയം: ജില്ലാ പഞ്ചായത്ത് ബ്ലോക്ക് നഗരസഭകളിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് പൊതു മാനദണ്ഡം രൂപീകരിക്കാനുള്ള കോൺഗ്രസ് കോർ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. കോട്ടയം നഗരസഭയിലെ ചെയർമാൻസ്ഥാനം കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ അഞ്ചുവർഷ ടേം പലർക്കായി വീതം വെക്കരുതെന്നും പ്രതിപക്ഷത്തെക്കൂടി നേരിടാൻ പറ്റിയ പരിചയസമ്പന്നർ ചെയർമാൻ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ഭൂരിപക്ഷം അംഗങ്ങളും പ്രകടിപ്പിച്ചതായറിയുന്നു.
ഓർത്തഡോക്സ് വിഭാഗക്കാരനായ കൗൺസിലറെ ചെയർമാനാക്കണമെന്ന സമ്മർദ്ദം കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു ബിഷപ്പ് നടത്തുന്നുവെന്ന പ്രചാരണമുണ്ട്. ഈഴവ വിഭാഗത്തിൽ നിന്ന് ഒമ്പതു കോൺഗ്രസ് കൗൺസിലർമാർ ജയിച്ചു. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് രണ്ടുപേരേ ജയിച്ചുള്ളുവെങ്കിലും ചെയർമാൻ സ്ഥാനത്തിനായി സഭാ ഉന്നതർ നടത്തുന്ന ഇടപെടലിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്.
പാലാ യിൽ സസ്‌പെൻസ്
പാലാ നഗരസഭയിലെ കേരളാ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം അടുത്ത ദിവസം വിളിച്ചിട്ടുണ്ട്. ഇവിടെ വലിയ ഒറ്റ കക്ഷി 10 കൗൺസിലർമാരുള്ള കേരള കോൺഗ്രസ് എം ആണെങ്കിലും നാലു സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചാൽ കോൺഗ്രസിന് ഭരണം ലഭിക്കും. സ്വതന്ത്രന്മാരെ പാട്ടിലാക്കാൻ എൽ.ഡി.എഫ് നേതാക്കളും കളത്തിലിറങ്ങിയിട്ടുണ്ട്.
പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കുന്നവർക്ക് ഭരണം ലഭിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ചെയർമാൻ സ്ഥാനം വനിതാസംവരണമായതിനാൽ ദിയ പുളിക്കകണ്ടത്തിലിന് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തുള്ള ചർച്ച ഇരു മുന്നണി നേതാക്കളും നടത്തിയെങ്കിലും വോട്ടർമാരുടെ യോഗം വിളിച്ച് അഭിപ്രായം വ്യക്തമാക്കാമെന്ന സസ്പെൻസ് നിലപാടാണ് അവർ സ്വീകരിച്ചത്. സ്വതന്ത്രന്മാരുടെ പിന്തുണയോടെ അഞ്ചു നഗരസഭകളിലും ചെയർമാൻ സ്ഥാനം കോൺഗ്രസ് ഉറപ്പിച്ചു പാലാ പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് കരുക്കൾ നീക്കുന്നത് .
എൽ.ഡി.എഫിൽ അവലോകന ചർച്ച നടന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന എൽ.ഡി.എഫ് ജില്ലാ കമ്മറ്റിയിൽ തിരഞ്ഞെടുപ്പ് വിശകലന ചർച്ച നടന്നില്ല. സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സമരമായിരുന്നു പ്രധാന ചർച്ച. സി.പിഎം,സി.പി.ഐ കേരളാ കോൺഗ്രസ് തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങൾക്കു ശേഷം പൊതു വിലയിരുത്തൽ മതിയെന്നായിരുന്നു തീരുമാനം.
സി.പി.എം ജില്ലാ കമ്മിറ്റി 22,23 തീയതികളിലും, സി.പി.ഐ, കേരളാ കോൺഗ്രസ് എം നേതൃ യോഗങ്ങൾ വരും ദിവസങ്ങളിൽ ചേരും. തുടർന്നു തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടാകും എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി വിലയിരുത്തുക.