യുക്രെയിൻ: വിട്ടുവീഴ്ചയില്ലെന്ന് പുട്ടിൻ
മോസ്കോ: യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ യുദ്ധ ലക്ഷ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്. സമാധാനത്തിലേക്കുള്ള പാതയിൽ തടസം സൃഷ്ടിക്കുന്നത് യുക്രെയിനും യൂറോപ്യൻ രാജ്യങ്ങളുമാണെന്ന് പുട്ടിൻ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് ആത്മാർത്ഥയോടെ ശ്രമിക്കുന്നുണ്ടെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. മോസ്കോയിൽ ഇന്നലെ വാർഷിക പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യു.എസ് തയ്യാറാക്കിയ സമാധാന പദ്ധതി റഷ്യൻ താത്പര്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണെന്ന് യുക്രെയിനും യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. യുക്രെയിനിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുനൽകില്ലെന്ന് റഷ്യ പറയുന്നു. ഭൂമി വിട്ടുനൽകി യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും ആവർത്തിക്കുന്നു.