സ്‌റ്റേഷൻ മാസ്‌റ്റർ നിതാമ ഇനി ഇല്ല
ടോക്കിയോ: ജാപ്പനീസ് ജനതയുടെ പ്രിയങ്കരിയായി മാറിയ 'ട്രെയിൻ സ്റ്റേഷൻ മാസ്റ്റർ പൂച്ച" നിതാമ വിടവാങ്ങി. വാകയാമ പ്രവിശ്യയിലെ കിനോകാവ പട്ടണത്തിലെ കിഷി റെയിൽവേ സ്റ്റേഷനിലെ മാസ്റ്ററായിരുന്ന നിതാമ നവംബർ 20ന് 15 -ാം വയസിലാണ് വിടവാങ്ങിയതെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ അവസാനം മുതൽ ആരോഗ്യനില മോശമായിരുന്നു. വാകയാമ ഇലക്ട്രിക് റെയിൽവേ കമ്പനിയുടെ കീഴിലായിരുന്നു നിതാമയുടെ ജോലി. ടാമ എന്ന പൂച്ചയുടെ മരണത്തെ തുടർന്ന് 2015ലാണ് നിതാമ ഈ ആലങ്കാരിക പദവിയിലേക്ക് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട കമ്പനിയെ കരകയറ്റാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പൂച്ചകൾക്ക് പദവി നൽകിയത്. നിതാമ ഇനി 'ഓണററി സ്പെഷ്യൽ സ്റ്റേഷൻ മാസ്റ്ററാ"യി അറിയപ്പെടും. 500ലേറെ പേരാണ് നിതാമയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. കുട്ടിയായിരിക്കെ ഒരു കാറിന്റെ അടിയിൽ നിന്നാണ് റെയിൽവേ അധികൃതർക്ക് നിതാമയെ ലഭിച്ചത്.