നോർവേ രാജകുമാരിയുടെ ശ്വാസകോശം മാറ്റിവയ്ക്കും

Saturday 20 December 2025 7:04 AM IST

ഓസ്‌ലോ: ഗുരുതര രോഗം ബാധിച്ച നോർവേയിലെ മെറ്റെ മെറിറ്റ് രാജകുമാരിയെ (52) ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. മാസങ്ങളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. 2018ലാണ് മെറ്റെയ്ക്ക് ഗുരുതര പൾമണറി ഫൈബ്രോസിസ് സ്ഥിരീകരിച്ചത്. ശ്വാസകോശ കലകൾക്കുണ്ടാകുന്ന തകരാറാണ് പൾമണറി ഫൈബ്രോസിസിന് ഇടയാക്കുന്നത്. വായു അറകൾക്കിടെയിലെ കോശങ്ങൾ കട്ടിയാകുന്നതോടെ ശ്വാസകോശത്തിന് പഴയപോലെ വികസിക്കാനുള്ള കഴിവ് നഷ്ടമാകുന്നു. ഇത് രക്തത്തിലേക്ക് ഓക്സിജൻ എത്തുന്നത് തടസപ്പെടുത്തുന്നതോടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ശക്തമായ ചുമയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യുന്നു. അടുത്തിടെ നടത്തിയ പരിശോധനകളിലെല്ലാം മെറ്റെയുടെ നില മോശമായെന്ന് വ്യക്തമാക്കുന്നതായി രാജകുടുംബം അറിയിച്ചു. നോർവേ കിരീടാവകാശി ഹാക്കോണിന്റെ പത്നിയാണ് മെറ്റെ. ഹെറാൾഡ് അഞ്ചാമൻ രാജാവിന്റെയും സോണിയ രാജ്ഞിയുടെയും ഏകമകനാണ് ഹാക്കോൺ.