കുന്നിൻ ചെരിവിലെ സങ്കീർത്തനം, മിസോറമിലെ സോളമൻ ടെമ്പിൾ
ദൈവം ചോദിച്ചു: നിങ്ങൾ എനിക്ക് ദേവദാരുകൊണ്ടുള്ള ഒരു ആലയം പണിയാത്തതെന്ത്? ഇസ്രായേൽ മക്കളുടെ മേൽ ന്യായാധിപന്മാരെ നിയമിച്ചതും ദാവീദിന്റെ നാമം മഹത്വപ്പെടുത്തിയതും എങ്ങനെയെന്ന് കർത്താവ് ചോദിച്ചു. അവൻ ഇസ്രായേൽ മക്കളെ നട്ടുപിടിപ്പിക്കും, അവർ ഇനി അവിടെ നിന്ന് പോകേണ്ടിവരില്ല. ദുഷ്ടന്മാരാരും അവരെ പീഡിപ്പിക്കുകയില്ല. (ശമുവേൽ 7:7 ).
അവകാശപ്പെടാൻ പെരുമകൾ അധികമൊന്നുമില്ലാത്ത, ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തിയിലെ ചെറുസംസ്ഥാനമായ മിസോറം ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഐസ്വാൾ കുന്നുകളിലെ സോളമൻ ( ശലമോൻ) ടെമ്പിളിലൂടെയാണ്. ക്രിസ്മസ് രാത്രികളിൽ മിസോറം തലസ്ഥാനമായ ഐസ്വാളിൽ തണുപ്പ് 11ഡിഗ്രിയിലേക്ക് താഴുമ്പോൾ ക്രിസ്തീയ വിശ്വാസികൾ ആഘോഷങ്ങൾക്കായി കുദ്റോൺ കുന്നു കയറി, സോളമൻ ടെമ്പിളിലെത്തും. വീഞ്ഞും അപ്പവും ആടിന്റെ മാംസവും സമർപ്പിക്കും. ആയിരം ദൈവ വചനങ്ങളുരുവിടും. പാപങ്ങൾ ഏറ്രെടുക്കാൻ മുട്ടിലിഴഞ്ഞ് പ്രാർത്ഥിക്കും. വീണ്ടുമൊരു ക്രിസ്മസ് സാർത്ഥകമാക്കാൻ ദൈവം നല്കിയ ഇടമായി സോളമൻ ടെമ്പിളിനെ വാഴ്ത്തി, ക്രിസ്മസ് കൊണ്ടാടാൻ അവർ കുന്നിറങ്ങും.
ദേവദാരുവിൽ ഒരു ദേവാലയം
ഇസ്രായേൽ ജനതയുടെ അവസാന ചക്രവർത്തിയായിരുന്ന സോളമന് സ്വപ്നത്തിൽ ദൈവ ദർശനമുണ്ടായി. ദേവദാരു മരങ്ങൾകൊണ്ട് ജറുസലേമിൽ ഒരു ദേവാലയം നിർമ്മിക്കാൻ ദൈവം കല്പിച്ചു. സോളമൻ അതു നിർമ്മിച്ചു. ഇതേ മട്ടിൽ, ഇതേ കഥാവലംബങ്ങളോടെ ഇരുപത് നൂറ്റാണ്ടിനിപ്പുറം ഇന്ത്യയിലെ മിസോറമിലും ഒരു സോളമൻ ടെമ്പിൾ പറവിയെടുത്തു. മുഴുവൻ ജനങ്ങളും ക്രിസ്തുമത വിശ്വാസികളായ മിസോറമിൽ ടെമ്പിൾ പണിതത് കോടീശ്വരനായ ഡോ. എൽ.ബി. സൈലോയാണ്. അദ്ദേഹത്തിനും അത് സ്വപ്നത്തിലെത്തിയ െെദവനിയോഗമായിരുന്നത്രേ! ജൂത വാസ്തുവിദ്യകൾ അനുസരിച്ച് വർഷങ്ങൾകൊണ്ടാണ് സൈലോ മിസോറമിലെ ഐസ്വാളിൽ സോളമൻ ടെമ്പിൾ പൂർത്തിയാക്കിയത്. ജറുസലേമിനു പുറത്തെ രണ്ടാമത്തെ സോളമൻ ടെമ്പിളാണ് ഐസ്വാളിലേത്. എത്യോപ്യയിലെ ദാറുസ്സലാമിലാണ് മറ്റൊരു സോളമൻ ടെമ്പിൾ. പത്തുകല്പനകൾ പാറയിൽ കൊത്തിയ രൂപം അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഐസ്വാൾ ടെമ്പിളിൽ പത്തുകല്പനകളില്ല. ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം വഹിച്ച്, ധൂപം കത്തിച്ചുകൊണ്ട് മാത്രമേ ജറുസലേമിലെ വിശുദ്ധ മന്ദിരത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. എന്നാൽ, ഐസ്വാളിലെ സോളമൻ ടെമ്പിളിൽ അത്തരം നിബന്ധനകളില്ല. ടെമ്പിളിനു പുറത്ത് ഒരു പാർക്കുണ്ട്- 'ആദാമിന്റെ പൂന്തോട്ടം!" കിളികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഇവിടെ വിഹരിക്കാം. മുന്തിരികളും മറ്റു പഴങ്ങളും ഇഷ്ടംപോലെ കഴിക്കാം. കല്പനകളുടെ പേടകം
പുരാതന ഇസ്രായേലിലെ അവസാന രാജാവായിരുന്നു സോളമൻ. ഇസ്രായേൽ ജനതയെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദാവീദിന്റെ പുത്രൻ. അദ്ദേഹം ദൈവത്തിന്റെ പത്തു കല്പനകളടങ്ങിയ പേടകം സ്ഥാപിക്കാൻ നിർമ്മിച്ചതാണ് സോളമൻ ടെമ്പിൾ. ഇസ്രായേലിലെ ജറുസലേമിലുള്ള മോറിയ കുന്നുകളിൽ ക്രിസ്തുവിനു മുമ്പ് 10 മുതൽ അഞ്ചു വരെയുള്ള നൂറ്റാണ്ടുകളിൽ പണിത വിശുദ്ധ മന്ദിരം! 'ആ രാത്രിയിൽ ദൈവം നാഥനോട് (സോളമനോട്) സംസാരിച്ചു. ഇസ്രായേൽ മക്കളെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിനുശേഷം താൻ ഒരു വീട്ടിലും താമസിച്ചിട്ടില്ലെന്ന് ദൈവം നാഥനെ ഓർമ്മിപ്പിച്ചു. പകരം, കർത്താവിന്റെ ആത്മാവ് ഒരു കൂടാരത്തിലും വസിച്ചു." (ശമുവേൽ 7:6 ). മിസോറം തലസ്ഥാനമായ ഐസ്വാളിൽ നിന്ന് പത്തു കിലോമീറ്റർ അകലെ കിദ്രോൺ താഴ്വര. അവിടെയാണ് മിസോറമിലെ ഏറ്റവും വലിയ പള്ളിയായ സോളമൻ ടെമ്പിൾ. പഴയ നിയമത്തിന്റെ വിശുദ്ധ താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുരാതന ജറുസലേമിലെ അതിന്റെ ഐതിഹാസിക നാമവുമായി സാമ്യമുള്ളതാണ് ഇത്.
സൈലോ കണ്ട സ്വപ്നദർശനം
'കൊഹ്റാൻ തിയാങ് ലിം" അല്ലെങ്കിൽ 'വിശുദ്ധ പള്ളി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ ആശയം കൊഹ്റാൻ തിയാങ് ലിം പള്ളിയുടെ സ്ഥാപകനായ ഡോ. എൽ.ബി. സൈലോയ്ക്ക് സ്വപ്നത്തിൽ ദെെവം നല്കിയെന്നാണ് വിശ്വാസം. സ്വപ്നദർശനത്തിൽ ക്ഷേത്രത്തിന്റെ രൂപകല്പനയും ഘടനയും ദൈവം കാട്ടികൊടുത്തു. വർഷങ്ങളോളം, സോളമന്റെ ക്ഷേത്രം വിദൂരസ്വപ്നമായി തുടർന്നു. ഒടുവിൽ 1996-ൽ, പരീക്ഷണങ്ങൾക്കും ദൗത്യങ്ങൾക്കും ഇടയിൽ തറക്കല്ലിട്ടതോടെ സ്വപ്നം സത്യത്തിലേക്കുള്ള യാത്ര തുടങ്ങി. നിർമ്മാണം പൂർത്തിയാകാൻ പക്ഷേ, 20 വർഷമെടുത്തു! ജൂത വാസ്തുവിദ്യയിലെ മനോഹര നിർമ്മിതിക്കു ചുറ്റും ഹരിതാഭമായ താഴ്വര. കുന്നിൻ മുകളിൽ വിശാലമായ പൂന്തോട്ടത്തിനു നടുവിലായി സോളമൻ ടെമ്പിൾ. മൂവായിരത്തിലധികം പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാ ഹാൾ. അൾത്താര, വിശുദ്ധ ബൈബിൾ നിരത്തിയ പ്രസംഗ പീഠങ്ങൾ, ടെമ്പിളിനു ചുറ്റിലും വലിയ വരാന്ത, ധ്യാനമണ്ഡപങ്ങൾ. ബലിപീഠങ്ങൾ. പള്ളിക്കു പുറത്ത് പതിനായിരത്തോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ മൈതാനം എന്നിവ അടങ്ങിയതാണ് സോളമന്റെ ഈ വിശുദ്ധ പള്ളി. ദാവീദിന്റെ ഏഴ് നക്ഷത്രങ്ങൾ വീതമുള്ള നാല് തൂണുകൾ ഇതിനുണ്ട്. ഈ നക്ഷത്രങ്ങൾ ഏഴ് മാലാഖമാരെ പ്രതിനിധാനം ചെയ്യുന്നു. നാല് ഗോപുരങ്ങൾ. ഓരോന്നിനും രക്ഷ, വിജയം, നീതി, ജീവൻ എന്നിവയെ പ്രതീകവത്കരിക്കുന്ന കിരീടങ്ങൾ കാണാം. മൂന്ന് വെളിപ്പെടുത്തലുകളുള്ള നാല് മുഖങ്ങളും ഇതിനുണ്ട്. ദൈവം ഈ ക്ഷേത്രം നിർമ്മിച്ചതായി ചുവരുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു! ജറുസലേം സോളമൻ ടെമ്പിൾ മാതൃകയിൽ പന്ത്രണ്ട് വാതിലുകളാണ് ഐസ്വാൾ ടെമ്പിളിലും ഉള്ളത്. യേശുക്രിസ്തുവിന്റെ രക്തത്തിൽ നിന്ന് ജനിച്ച തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊപ്പം ഭൂമിയിൽ ദൈവസാന്നിദ്ധ്യത്തിന്റെ ദൃശ്യ പ്രതീകമായി ഇത് നിലകൊള്ളുന്നു. എല്ലാ വർഷവും ക്രിസ്മസ് ആഴ്ചയിൽ 'ജറുസലേം ഇങ്ക്വാംപുയി" എന്ന വാർഷിക സമ്മേളനം സോളമൻ ടെമ്പിളിൽ നടക്കും. അതിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് എത്തുക. പള്ളിക്കു പുറത്ത് ദേവദാരു മരങ്ങൾക്കു നടുവിൽ ടെമ്പിൾ സ്ഥാപകൻ സൈലോന്റെ ശവകുടീരം. ബൈബിളിൽ പറയുന്നതു പോലെത്തെ ചടങ്ങുകൾ പൂർത്തിയാക്കിയാണ് ഐസ്വാളിലെ സോളമൻ ടെമ്പിൾ ദൈവത്തിനു സമർപ്പിച്ചത്. ഇന്ന് മിസോറമിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ് ഈ നോൺ നോമിനേഷൻ ചർച്ച്.
കാഴ്ചകളുടെ പാതിരാവ്
പുലർച്ചെ മൂന്നരയ്ക്ക് സൂര്യനുദിക്കുന്ന സ്ഥലമാണ് മിസോറം. എല്ലാ ജനങ്ങളും ക്രിസ്തുമത വിശ്വാസികളായതു കൊണ്ടുതന്നെ ക്രിസ്മസ് ആണ് മിസോറമിലെ ഏറ്റവും വലിയ ആഘോഷം. തലസ്ഥാനമായ ഐസ്വാളിൽ വെളുപ്പിന് അഞ്ചു മുതൽ കടകളെല്ലാം തുറന്നിരിക്കും. രാത്രിയിലാണ് മിസോറം കൂടുതൽ സുന്ദരിയാകുന്നത്. കുന്നിൻചെരിവുകളിലെ കെട്ടിടങ്ങളിലെ വെളിച്ചം സമ്മാനിക്കുന്നത് കണ്ണിന് ഇമ്പമുള്ള കാഴ്ചകളാണ്. ഒരുപക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള കാഴ്ചയുണ്ടാകില്ല. വൈകിട്ട് അഞ്ചു മുതൽ ഈ വിളക്കുകളുടെ ഉത്സവം തുടങ്ങും. ഐസ്വാൾ പീക്ക് സ്കൈവാക്കിന്റെ ഉയരത്തിൽനിന്ന് നഗരത്തെ നോക്കുമ്പോൾ ഈ സൗന്ദര്യം അതിന്റെ ഉത്തുംഗത്തിൽ ആസ്വദിക്കാം. മിസോറമിലേക്ക് ആദ്യമായി റെയിൽ ഗതാഗതം തുടങ്ങിയ വർഷമാണിത്. ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഒരു മിസോറം യാത്രയ്ക്ക് ഇനിയും സമയമുണ്ട്. ആ നാടും നാട്ടുകാരും അവരുടെ സംസ്കൃതിയുമെല്ലാം നേരിലറിയാം. മിസോ ജനതയുടെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. കാർഷിക ഉത്പന്നങ്ങൾ വില്ക്കുന്ന കടകളാണ് കൂടുതൽ. ഹോട്ടലുകൾ കുറവാണ്. ഹോംസ്റ്റേയിൽ താമസിക്കേണ്ടിവരും. കടകളിൽ ആധിപത്യം സ്ത്രീകൾക്കാണ്. വളരെ വീതികുറഞ്ഞ, മലഞ്ചെരിവിലൂടെയുള്ള റോഡുകൾ. ചെരുവിൽ തൂക്കിയിട്ടതു പോലുള്ള കെട്ടിടങ്ങൾ. മിസോം ഗോത്രഭാഷയും ഇംഗ്ളീഷുമാണ് സംസാരഭാഷ. ഗോത്രഭാഷ ചേർത്തുള്ള ഇംഗ്ളീഷ് മനസിലാക്കിയെടുക്കാൻ പ്രയാസമാകുമെന്നു മാത്രം. സോളമൻ ടെമ്പിളിനു പുറമെ, ഡർട്ടലാങ് കുന്നുകൾ, ഐസ്വാൾ പീക്ക് സ്കൈവാക്ക്, മിസോറം സ്റ്റേറ്റ് മ്യൂസിയം, സുവോളജിക്കൽ പാർക്ക്, ടാംഡിൽ തടാകം എന്നിവയാണ് പ്രധാന ടൂറിസം ആകർഷണങ്ങൾ.
മിസോറം
കാണാം
വിനോദ സഞ്ചാരികൾക്ക് മിസോറമിൽ പ്രവേശിക്കാൻ ഇന്നർലൈൻ പെർമിറ്റ് വേണം. www.ilp.mizoram.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
സോളമൻ ടെമ്പിളിലെ സന്ദർശക സമയം: തിങ്കൾ- ശനി (രാവിലെ 10:00വൈകുന്നേരം 4:00)
പ്രധാന വിമാനത്താവളങ്ങൾ: ലെങ്പുയി, സിൽച്ചാർ, ഇംഫാലിലെ ബിർ തികെന്ദ്രജിത് ഇന്റർനാഷണൽ എയർപോർട്ട്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഐസ്വാൾ, സിൽച്ചാർ