തോഷാഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വർഷം തടവും പിഴയും

Saturday 20 December 2025 2:51 PM IST

ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതിയാണ് തടവുശിക്ഷ വിധിച്ചത്.

കൂടാതെ ഇരുവർക്കും 16.4 മില്യൺ പാകിസ്ഥാൻ രൂപ (52,39,524 ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്റ ബീബിയ്ക്ക് സ്ത്രീയാണെന്ന പരിഗണനയും നൽകിയാണ് 'ലഘുവായ' ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.

ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. അതീവ സുരക്ഷാ ജയിലിലാണ് വിചാരണ നടന്നത്. ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്. 2021 മേയ് മാസത്തിൽ സൗദി കിരീടാവകാശി ഔദ്യോഗിക സന്ദർശന വേളയിൽ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന് നൽകിയ ഔദ്യോഗിക സമ്മാനങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വിലപിടിപ്പുള്ള ബൾഗാരി ഡയമണ്ട് ജുവലറി സെറ്റാണ് സമ്മാനമായി ലഭിച്ചത്. ഭരണാധികാരികൾക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാർ ഖജനാവായ തോഷാഖാനയിലേക്ക് നൽകണമെന്നതാണ് നിയമം. അഥവാ അത്തരം സമ്മാനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തോഷാഖാനയിൽ നൽകണം. എന്നാൽ ഇമ്രാനും ഭാര്യയും വില കുറച്ചുകാണിച്ച്, ചെറിയ തുക നൽകി ബൾഗാരി ഡയമണ്ട് സ്വന്തമാക്കിയെന്നാണ് കേസ്.