പൊന്നമ്പിളിക്ക് 75
ജനുവരി 5. മലയാളത്തിന്റെ ചിരി സാമ്രാട്ട് ജഗതി ശ്രീകുമാറിന് 75-ാം പിറന്നാൾ ദിനം. നക്ഷത്രം തൃക്കേട്ട. വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ കഥാപാത്രത്തെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടിവരും. ജഗതിയെ ആദ്യമായി മലയാളി ശ്രദ്ധിച്ച 'ചട്ടമ്പികല്യാണി" 50 വയസ് എത്തി. ആ ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷം. എന്നാൽ കഠിനാദ്ധ്വാനവും കഴിവും ജഗതിയെ മലയാള സിനിമയിലെ അതുല്യ നടനായി ഉയർത്തി. ഹാസ്യകഥാപാത്രങ്ങളിൽ ജഗതിയെ വെല്ലാൻ മലയാള സിനിമയിൽ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ജഗതിയുടെ പിൻമുറക്കാരൻ എന്നു മറ്റൊരാളെ വിശേഷിപ്പിക്കാൻ മലയാളിക്ക് കഴിയുന്നില്ല. അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്ണവിലാസം ഭഗീരഥൻപിള്ളയായും ഫോട്ടോഗ്രാഫർ നിശ്ചലായും, പച്ചാളം ഭാസിയായും വെള്ളിത്തിരയെ വിസ്മയിപ്പിച്ച അതുല്യ നടൻ. ഹാസ്യനടൻ മാത്രമായിരുന്നില്ല, സ്വഭാവ നടനായും വില്ലനായും അഭ്രപാളികളെ വിസ്മയിപ്പിച്ച ജഗതി അനശ്വരമാക്കിയ എത്ര എത്ര കഥാപാത്രങ്ങൾ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ അരങ്ങുവാണിരുന്ന കൂട്ടുകെട്ടിൽ എല്ലാം ജഗതി എന്ന മൂന്നക്ഷരവുമുണ്ട്. മോഹൻലാൽ, ജയറാം, ദിലീപ്, ശ്രീനിവാസൻ എന്നിവരുടെ നായക വേഷത്തിനൊപ്പം കൂടെ ജഗതി ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ സീരിസിൽ വിക്രം എന്ന കഥാപാത്രമായി ജഗതി തിളങ്ങി. ജഗതിയെ പ്രേക്ഷകർ അവസാനം കണ്ട സി.ബി.ഐ 5 ദ ബ്രയിൻ എന്ന ചിത്രത്തിൽ വിക്രം ആയി നിറഞ്ഞുനിന്നു. വീൽചെയറിൽ ആണ് അഭിനയം എങ്കിലും കഥാസന്ദർഭത്തിന്റെ പ്രാധാന്യം ഒട്ടും ചേരാത്ത കൈയടക്കം അപ്പോഴും കാത്തസൂക്ഷിച്ചു. മലയാള സിനിമയിൽ ഹാസ്യസാമ്രാട്ട് എന്ന പേര് നേടാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല. സ്വാഭാവിക അഭിനയ തികവ് ആണ് ജഗതിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രേക്ഷകരുടെ മനസിൽ ആ കഥാപാത്രങ്ങൾ ഉറച്ചുപോയതും അതിനാലാണ്. മറ്റൊരു ഹാസ്യ താരത്തിനൊപ്പം കോമഡി വേഷത്തിൽ ഒപ്പത്തിനൊപ്പമോ അതിന് മുകളിലോ നിൽക്കാൻ ജഗതി ശ്രീകുമാറിന് മാത്രമേ സാധിച്ചുള്ളൂ. നിരവധി ഹിറ്റ് കഥാപാത്രങ്ങൾ സമ്മാനിച്ച കോമ്പോ ആയിരുന്നു ഇന്നസെന്റിന്റെയും ജഗതിയുടെയും. കാബൂളിവാലയിലെ കന്നാസും കടലാസും, പൈ ബ്രദേഴ്സിലെയും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെയും സ്നേഹമുള്ള സഹോദരന്മാരായും മിഥുനത്തിൽ ശത്രുക്കളായും ഇരുവരും നിറഞ്ഞാടിയിരുന്നു. തിരശീലയിലില്ലാത്ത നടനെ ഒരു ജനത ഒന്നാകെ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് ജഗതി ശ്രീകുമാർ. പ്രിയപ്പെട്ടവരുടെ അമ്പിളി ചേട്ടൻ. മലയാളിയെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നു പോലും ജഗതി കഥാപാത്രങ്ങൾ ചിരിപ്പിച്ചു പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഓരോ മലയാളിയും കുടുംബാംഗമായി ജഗതിയെ കാണുന്നു. നാലുപതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയിൽ 1400ൽപ്പരം സിനിമകൾ. ഏറ്റവും പ്രിയപ്പെട്ട ജഗതി കഥാപാത്രം തിരഞ്ഞെടുക്കാൻ മലയാളിക്ക് പലവട്ടം ആലോചിക്കണം. താളവട്ടം, മിന്നാരം, മീശമാധവൻ, യോദ്ധ, കിലുക്കം, മൂക്കില്ലാരാജ്യത്ത് , കിലുകിൽ പമ്പരം, പട്ടാഭിഷേകം. പറഞ്ഞാൽ തീരില്ല... എല്ലാം ഒന്നിനു മുകളിൽ ഒന്നായി വരും. വെള്ളിത്തിരയിലേക്ക് ജഗതിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് ഒാരോ മലയാളിയും.ജഗതിയുടെ നർമ്മം ആസ്വദിക്കുന്ന പുതുതലമുറ .തലമുറകൾ പിന്നിടുന്ന ജഗതി മാജിക്ക്.അത് എന്നും തുടരും.