ഹെയർ ഡൈ ഉപയോഗിച്ചാലും വീണ്ടും നര വരുമോ? ഇനി ആ പേടി വേണ്ട; നര തടയാൻ ചെയ്യേണ്ടത് ഒറ്റ കാര്യം
നരച്ച മുടി ആദ്യമായി കാണുമ്പോൾ പലരിലും ആശങ്കയുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ മുടി നരയ്ക്കുന്നതിനെക്കുറിച്ച് പണ്ടുമുതലേ കേൾക്കുന്ന പല കാര്യങ്ങളും വെറും തെറ്റിദ്ധാരണകളാണെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ.അങ്കുർ സരിൻ പറയുന്നത്. മുടിയുടെ നിറം നിർണ്ണയിക്കുന്നത് തലയോട്ടിയിലെ ഫോളിക്കിളുകളാണെന്നാണ് അദ്ദേഹം പറയുന്നത്. നരച്ച മുടി വെട്ടിയാൽ കൂടുതൽ മുടി നരയ്ക്കില്ലെന്നും അദ്ദേഹം പറയുന്നു. ഹെയർ ഡൈ മുടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെങ്കിലും പുതിയ നരകൾ ഉണ്ടാക്കില്ല. ഡൈയിലെ രാസവസ്തുക്കൾക്ക് പിഗ്മെന്റ് കോശങ്ങളെ സ്വാധീനിക്കാനും കഴിയില്ല.
നരച്ച മുടി വീണ്ടും കറുക്കുകയെന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് സരിൻ പറയുന്നത്. വിറ്റാമിൻ ബി12, ഫോളേറ്റ്, കോപ്പർ എന്നിവയുടെ കുറവോ കടുത്ത മാനസിക സമ്മർദ്ദമോ കാരണമാണ് മുടി നരച്ചതെങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ നിറം തിരിച്ചുകിട്ടാൻ സാദ്ധ്യതയുണ്ട്. എന്നാൽ ജനിതക കാരണങ്ങൾ കൊണ്ടാണെങ്കിൽ ഇത് സാദ്ധ്യമല്ല. കഠിനജലം അഥവാ ഹാർഡ് വാട്ടർ മുടി വരണ്ടതാക്കുമെങ്കിലും മെലാനിൻ ഉൽപാദനത്തെ ബാധിക്കില്ല.
മുടി എപ്പോഴും കഴുകുന്നത് നരയ്ക്ക് കാരണമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുടി കഴുകുന്നത് അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ മാത്രമാണ് സഹായിക്കുക. കരൾ, ദഹന പ്രശ്നങ്ങൾ നരയുണ്ടാക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ തെളിവുകളില്ല. ജനിതക ഘടകങ്ങളും പോഷകാഹാരക്കുറവുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു.
നര തടയാൻ എന്തുചെയ്യാം?
വിറ്റാമിനുകളും മിനറലുകളും അടങ്ങിയ പോഷകാഹാരം കഴിക്കുന്നത് ശീലമാക്കുക. മെലറ്റോണിൻ, ഡാർകെനൈൽ എന്നിവ അടങ്ങിയ ഹെയർ സെറം ഉപയോഗിക്കുന്നത് ഗുണകരമാകും. മാനസികാരോഗ്യം മുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. ചുരുക്കത്തിൽ മുടി നരയ്ക്കുകയെന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. അനാവശ്യമായ പേടികൾ ഒഴിവാക്കി മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയാണ് ചെയ്യേണ്ടത്.