സ്കൂളിൽ വിടാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

Saturday 20 December 2025 6:24 PM IST

ആലപ്പുഴ: നൂറനാട് പന്ത്രണ്ടുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. നൂറനാട് സ്വദേശി ദിലീപ് ആണ് പിടിയിലായത്. ഡിസംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി എതിർത്തതോടെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ അജിത്തിന്റെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയ ദിലീപിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.