ക്രിസ്മസിന് മുന്നേ മീൻവില മാനത്ത്
കോട്ടയം : ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അന്യായമായി മീനിന് വിലകൂട്ടി ഇടനിലക്കാർ. കഴിഞ്ഞയാഴ്ചയേക്കാൾ നൂറ് രൂപയാണ് വർദ്ധിച്ചത്. ക്രിസ്മസ് തലേന്ന് വീണ്ടും വിലവർദ്ധിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. ചെറുമീനുകളുടെ വിലയിൽ വലിയ വർദ്ധനയില്ലെങ്കിലും ശരാശരി വില 200 രൂപയിലേക്കടുത്തു. ഒന്നേകാൽ കിലോയും ഒന്നരക്കിലോയും 100 രൂപയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ മത്തിക്കാണ് വിലക്കുറവ്. കിളിമീന് 20 0- 240 രൂപയാണ്. ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ള പീസ് മീനിന് വൻവില. ആകോലിയുടെ വില 780 -800 രൂപയായി. വറ്റ പീസ് 480 മുതൽ 680 രൂപയ്ക്കു വരെ വിൽക്കുന്നു. ഒരാഴ്ച കൊണ്ട് പലതിനും 250 രൂപവരെ വർദ്ധിച്ചു.
മീനിന് ക്ഷാമമില്ല, എന്നിട്ടും
മീൻ വരവിന് കുറവില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി വിലകൂടാൻ പ്രത്യേകം കാരണമില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വിലകൂട്ടി മീൻ എത്തിക്കുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മുന്നേ സംഭരിച്ചു വച്ചവയാണ് ഇത്. രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിക്കുന്നവയും വിപണിയിലുണ്ട്. ഉയർന്ന വിലയുള്ള മീനുകൾ വാങ്ങാൻ വ്യാപാരികളും തയ്യാറാകുന്നില്ല.
വില ഇങ്ങനെ
അയല : 240
കണ്ണിഅയല : 200-220
ചെമ്മീൻ : 340-440
ഓലക്കൊടിയൻ പീസ് : 480-500