ശ്രീനിയാണ് താരം 1956 - 2025
ചിരിയും ചിന്തയും പകർന്ന് വെള്ളിത്തിരയിൽ നാട്യങ്ങളില്ലാതെ ജീവിച്ച ശ്രീനിവാസൻ ഇനി ഓർമ
മലയാള സിനിമയിൽ ആക്ഷേപഹാസ്യത്തിന്റെ പുതിയൊരു ലോകം തുറന്നു നൽകിയ പ്രതിഭയായ ശ്രീനിവാസൻ ഇനി പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കും. പച്ചയായ ജീവിത സാഹചര്യങ്ങളെ നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിൽ എത്തിച്ച ശ്രീനിവാസൻ നിരവധി കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും പിന്നീട് ഓർമ്മിപ്പിച്ചു. മലയാളി ഉള്ളിടത്തോളം കാലം ശ്രീനിവാസന്റെ സംഭാഷണങ്ങളും ജീവിക്കും. ഇന്നും പൊട്ടിച്ചിരികൾ പടർത്തുകയാണ് ആ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചു. അതിനെ രാഷ്ട്രീയ ഭേദമില്ലാതെ മുന്നണികൾ സ്വീകരിച്ചു. അവരും ശ്രീനിവാസൻ ആരാധകരായി. നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളിലെ ദാസനും വിജയനും സൗഹൃദത്തിന്റെ പുതിയ ഭാഷ ആയിരുന്നു പകർന്നുതന്നത്. രണ്ടു സാധാരണ യുവാക്കളുടെ അതിജീവിതത്തിനായുള്ള നെട്ടോട്ടം ഇത്രത്തോളം മറ്റൊരു മലയാള സിനിമയിലും അവതരിപ്പിച്ചിട്ടില്ല. നാൽപ്പത്തിയെട്ടുവർഷം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിൽ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം.
അന്ന് പാട്യം ശ്രീനി
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര അഭിനയ പരിശീലനം നേടി പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം" എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ . പാട്യം ശ്രീനി എന്നാണ് പേര്. ആദ്യകാല ചിത്രങ്ങളിൽ എല്ലാം ആ പേരിൽ അറിയപ്പെട്ടു. അരവിന്ദന്റെ ചിദംബരത്തിൽ അഭിനയിച്ചതു മുതൽ ശ്രീനിവാസൻ ആയി. പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം ആണ് ആദ്യ തിരക്കഥ. അഭിനയത്തിൽ അവസരങ്ങൾ കുറയും എന്ന ബോദ്ധ്യം വന്നതോടെയാണ് ശ്രീനിവാസൻ പേന എടുക്കുന്നത്. അത് 'പവിയേട്ടന്റെ ചൂരൽ " വരെ തുടർന്നു. സിനിമ എന്നത് ശ്രീനിവാസന് ജീവശ്വാസം ആയിരുന്നു. സിനിമയുടെ എല്ലാ മേഖലയിലും വിജയിച്ചു. സാമൂഹിക ചുറ്റുപാട് മാത്രമല്ല സാധാരണക്കാരായ മനുഷ്യരെ നിരീക്ഷിക്കുന്നതിൽ ശ്രീനിവാസനോളം കഴിവുതെളിയിച്ച തിരക്കഥാകാരൻ അതിനു മുൻപോ പിൻപോ ഉണ്ടായിട്ടില്ല. സന്ദേശം, വരവേൽപ്പ് എന്നീ ചിത്രങ്ങൾ ചർച്ചചെയ്ത വിഷയം ഇപ്പോഴും മാറാതെ നിൽക്കുന്നു.
മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നർമ്മത്തോടെയും നോക്കികണ്ടു ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും . ഒരിക്കലും മറക്കാൻ കഴിയാത്ത എത്രയെത്ര കഥാപാത്രങ്ങൾ.
കൈയടിപ്പിച്ച ക്യൂബ മുകുന്ദൻ
ലാൽജോസിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ നായകനായി അഭിനയിച്ച അറബിക്കഥയിലെ ക്യൂബ മുകുന്ദനെ സ്വീകരിച്ചവർ ശ്രീനിവാസന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും വിമർശനങ്ങളെയും മറന്നു. ഉദയനാണ് താരത്തിലെ തെങ്ങുംമൂട്ടിൽ രാജപ്പൻ, കഥ പറയുമ്പോളിലെ ബാർബർ ബാലൻ, സന്ദേശത്തിലെ കോട്ടപ്പള്ളി, വടക്കുനോക്കിയന്ത്രത്തിലെ തടത്തിൽ ദിനേശൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നല്ലവനായ കൂട്ടുകാരൻ, സന്മനസ് ഉള്ളവർക്ക് സമാധാനത്തിൽ, പവിഴമല്ലി പൂത്തുലഞ്ഞ് നീലരാവിൽ എന്ന പാട്ടുപാടി വന്ന എസ്.ഐ തന്നെ ആണ് ഉദയനാണ് താരത്തിൽ കരളേ കരളേ പാടി നായികയോടൊപ്പം ആടിപ്പാടി നമ്മെ ചിരിപ്പിച്ചത്.
സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി ആയിരുന്നു എന്നും എപ്പോഴും ശ്രീനിവാസൻ സിനിമകൾ. സിനിമ ഉപേക്ഷിച്ചു മടങ്ങിയ സംഗീത വർഷങ്ങൾക്കുശേഷം തിരികെ വന്നത് ശ്രീനിവാസൻ വിളിച്ചതിനാലാണ്. ശ്രീനി സാർ വിളിച്ചാൽ എങ്ങനെ വരാതിരിക്കുമെന്നായിരുന്നു സംഗീതയുടെ മറുപടി. ഉത്തരവാദിത്വമില്ലാത്ത ഒരു ഭർത്താവ് മൂലം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന ശ്യാമളയായി ജീവിച്ച സംഗീത ഇപ്പോഴും ആ കഥാപാത്രത്തിലൂടെ അറിയപ്പെടുന്നു .
കൊയ്‌ത്ത് പാട്ടുമായി
ബംഗാളികൾ
സത്യൻ അന്തിക്കാടുമായി എഴുത്തുവഴിയിൽ ശ്രീനിവാസൻ അവസാനം കൈ കോർത്ത ചിത്രം ആണ് ഞാൻ പ്രകാശൻ. ' സിനിമയിൽ കൊയ്‌ത്തുപാട്ടുമായി പാടത്തുനിൽക്കുന്ന ബംഗാളികളെ കണ്ട് പ്രേക്ഷകർക്ക് ചിരി അടക്കാനായില്ല.മലയാളി ഇറങ്ങാത്ത തൊഴിലിടങ്ങളിൽ എല്ലാം ബംഗാളി എത്തി എന്നു നർമ്മത്തിലൂടെ ശ്രീനിവാസൻ കാണിച്ചുതന്നു.
അഭിനയത്തിന്റെ തുടക്ക കാലത്ത് മമ്മൂട്ടി സംസാരിച്ചത് ശ്രീനിവാസനിലൂടെ ആണ് . മേള, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വിളിച്ചതും കൊതിച്ചതും, ഒരു മാടപ്രാവിന്റെ കഥ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്ക് ശ്രീനിവാസൻ ശബ്ദം നൽകി. എത്രയോ മമ്മൂട്ടി സിനിമകൾക്ക് തിരക്കഥ ഒരുക്കി. ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടി സൂപ്പർ സ്റ്റാറായി എത്തിയ 'കഥ പറയുമ്പോൾ" ബോളിവുഡ് വരെ എത്തി. ചിരിക്കാനുള്ള മരുന്ന് എപ്പോഴും ശ്രീനിവാസൻ തന്റെ സംസാരത്തിൽ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. സംസാരം കഴിഞ്ഞു ഉച്ചത്തിലുള്ള ചിരി വീഴും. എന്നാൽ ശ്രീനിവാസൻ വില്ലനായി എത്തിയ ഗോളാന്തര വാർത്തയിലെ കാരക്കൂട്ടിൽ ദാസനും പ്രേക്ഷകരെ ചിരിപ്പിച്ചു.
ആ സ്വപ്‌നം
കണ്ടനാട് പാടശേഖരത്തിൽ
സിനിമയിൽ നിന്ന് മാറിനിന്നപ്പോൾ ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതശൈലിയിലേക്കും കടന്നു. ജൈവകൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ശ്രീനിവാസൻ കണ്ട സ്വപ്‌നം വർഷങ്ങളായി തൃപ്പൂണിത്തുറ കണ്ടനാട് പാടശേഖരത്ത് നൂറുമേനി കൊയ്യുന്നു. കൃഷിയിലേക്ക് ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ ഇറങ്ങി. വിനിതീനും വിനീത് ശ്രീനിവാസന്റെ അച്ഛനായി മകന്റെ അച്ഛൻ, ധ്യാനിനൊപ്പം കുട്ടിമാമ. 2025ൽതിയേറ്രറിൽ എത്തിയ ആപ് കൈസേ ഹോ ആണ് അവസാനം ചിത്രം. ആ ചിത്രത്തിലും ധ്യാനിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.
അംഗീകാര പെരുമ ( ബോക്സ്)
ദേശീയം
ചിന്താവിഷ്ടയായ ശ്യാമള
( മികച്ച ചിത്രം 1998)
സംസ്ഥാനം
വടക്കുനോക്കിയന്ത്രം
(മികച്ച ചിത്രം 1989)
സന്ദേശം
(മികച്ച കഥ 1991)
മഴയെത്തും മുൻപേ
(തിരക്കഥ 1995)
ചിന്താവിഷ്ടയായ ശ്യാമള
(ജനപ്രീതി നേടിയ ചിത്രം 1998)
തകരച്ചെണ്ട
അഭിനയം പ്രത്യേക പരാമർശം 2006)
കഥ പറയുമ്പോൾ
(ജനപ്രീതി നേടിയ ചിത്രത്തിന്റെ
നിർമ്മാതാവ്
2007)