തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കസ്റ്റഡി മർദ്ദനം; ആരോപണം നിഷേധിച്ച് പൊലീസ്

Saturday 20 December 2025 8:19 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ക്രൂരമർദ്ദനം. നാലാഞ്ചിറ സ്വദേശി ദസ്തക്കീറിനെയാണ് മണ്ണന്തല പൊലീസ് മർദ്ദിച്ചതായി ആരോപണം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടിലും പൊലീസ് സ്റ്റേഷനിലുമായി ദസ്തക്കീറിനെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ മർദ്ദിച്ചുവെന്ന വാർത്ത പൊലീസ് നിഷേധിക്കുകയായിരുന്നു.

ദസ്തക്കീർ മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതായി ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതന്വേഷിക്കാൻ സ്ഥലത്തെത്തിയപ്പോൾ ദസ്തക്കീർ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെന്നും, പിന്തുടർന്ന് പിടികൂടുക മാത്രമാണ് ചെയ്തതെന്നുമാണ് മണ്ണന്തല പൊലീസ് പറയുന്നത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയത്.

ഇന്നലെ രാവിലെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോഴാണ് ശരീരമാസകലം മർദ്ദനമേറ്റ വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ ദസ്തക്കീറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.