മ്ലാവിനെ പിടികൂടി ഇറച്ചി പാകം ചെയ്തു; ഇടുക്കിയിൽ രണ്ടുപേർ പിടിയിൽ
Saturday 20 December 2025 8:45 PM IST
കുമളി: ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കമ്പംമെട്ട് സ്വദേശികളായ പുളിക്കൽ ജേക്കബ് മാത്യു (ബിജു -54), മേച്ചേരിൽ റോബിൻസ് (55) എന്നിവരാണ് പിടിയിലായത്. കുമളി റേഞ്ചിൽപെട്ട കമ്പംമെട്ട് സെക്ഷനിൽ മ്ലാവ് വേട്ട നടന്നതായി വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജേക്കബ് മാത്യുവിന്റെ വീട്ടിൽ നിന്ന് മ്ലാവിറച്ചി കണ്ടെത്തിയത്. ഏകദേശം മൂന്ന് കിലോയോളം പാചകം ചെയ്യാത്ത ഇറച്ചിയും രണ്ട് കിലോയോളം പാചകം ചെയ്ത ഇറച്ചിയും കണ്ടെടുത്തു. മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും പൊലീസ് കണ്ടെത്തി. വേട്ടയ്ക്ക് ജേക്കബ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ റോബിൻസിനെ പുറ്റടിക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.