തകർന്നടിഞ്ഞ് നെടിയാംകോട്-കൊല്ലിയോട് കനാൽ ബണ്ട് റോഡ്

Sunday 21 December 2025 1:25 AM IST

കുന്നത്തുകാൽ: നെടിയാംകോട്-കൊല്ലിയോട് കനാൽ ബണ്ട് റോഡ് തകർന്നടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയാകുന്നു. കൊല്ലിയോട് നിവാസികൾക്ക് നെടിയാംകോടുനിന്നും എളുപ്പത്തിൽ യാത്ര ചെയ്യാൻ സൗകര്യമുള്ള റോഡാണിത്. മൂന്ന് കിലോമീറ്ററോളം മാത്രം ദീർഘമുള്ള ഈ റോഡിന്റെ സ്ഥിതി മോശമായതോടെ നെടിയാംകോടുനിന്നും കൊല്ലിയോടിലെക്ക് പോകേണ്ടവർ കുന്നത്തുകാൽ വഴി 5 കിലോമീറ്ററോളം ദൂരം ചുറ്റിയാണ് യാത്ര ചെയ്യേണ്ടിവരുന്നത്.

റോഡ് തകർന്നതോടെ നെടിയാംകോട് മുതൽ കൊല്ലിയോടുവരെയുള്ള പ്രദേശത്ത് കനാലിന്റെ ഇരുകരകളിലുമായി താമസിക്കുന്ന 300ലധികം വീട്ടുകാർ ദുരിതത്തിലാണ്. ടാറിംഗ് തകർന്ന് മൺകൂനകൾ രൂപപ്പെട്ട റോഡിലൂടെ കാൽനടയാത്ര പോലും ദുർഘടമാണ്.