പാർട്ടി ചിഹ്നത്തേക്കാൾ പ്രധാന്യം നൽകുന്നത് വ്യക്തികൾക്ക്,​ ഇത്തവണയെങ്കിലും ജയിപ്പിക്കണമെന്ന് സുരേഷ് ഗോപി

Thursday 10 October 2019 7:21 PM IST

കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്തുകാർ സി.ജി രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി ആഭ്യർത്ഥിച്ചു. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സി.ജി രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

‘എറണാകുളത്തുകാർ പാർട്ടി ചിഹ്നത്തേക്കാൾ പ്രാധാന്യം നൽകുന്നതു വ്യക്തികൾക്കാണ്. മുത്തു (രാജഗോപാൽ) എത് പാർട്ടിക്കാരനെന്നുള്ളതല്ല, എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയാണ്. ഇത്തവണയെങ്കിലും എറണാകുളത്തുകാർ മുത്തുവിനെ ജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വട്ടിയൂർക്കാവിലും കോന്നിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തൃശൂരിൽ മത്സരിച്ച് താരത്തിന് രണ്ടുലക്ഷത്തിലധികം വോട്ടുകൾ നേടാൻ കഴിഞ്ഞിടരുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ശോഭനയോടൊപ്പം സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്നുണ്ട്.