ചെങ്കോട്ട തകർത്തെറിഞ്ഞ് കൈക്കരുത്ത്, പിണറായി 3.0 എന്താകും?
2025ലെ തദ്ദേശം എളുപ്പം 'തൂക്കാം" എന്നുകരുതി കളത്തിനിറങ്ങിയ എൽ.ഡി.എഫിന് സംഭവിച്ചത് അപ്രതീക്ഷിത തകർച്ച. പണ്ടേ തങ്ങളെ തുണയ്ക്കാത്ത തദ്ദേശത്തിൽ അമിത പ്രതീക്ഷയില്ലാതിരുന്ന യു.ഡി.എഫിനാകട്ടെ അപ്രതീക്ഷിത വളർച്ചയും. പാലക്കാട് നഗരസഭയിൽ മൂന്നാമതും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി നഗരഭരണം സേഫാക്കി. അകത്തേത്തറയും അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തും ഇടതുപക്ഷത്തിൽ നിന്ന് പിടിച്ചെടുത്തു. ഒപ്പം വോട്ടുവിഹിതത്തിലും വലിയ മുന്നേറ്റമുണ്ടാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരു 'ഈസി വാക്കോവറാകും" എന്നു കരുതിയ 'സെമി ഫൈനൽ", സൂപ്പർ ഓവറിലേക്ക് നീളുന്ന കാഴ്ചയ്ക്കായിരുന്നു പാലക്കാട് സാക്ഷ്യം വഹിച്ചത്. പിണറായി 3.0 ലോഡിംഗ് എന്ന് പോസ്റ്റ് ചെയ്യാൻ ഒരുങ്ങിയ ഒരായിരം പ്രൊഫൈലുകൾ പൊടുന്നനെ നിശ്ശബ്ദമായി.... 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളം കണ്ട ഏറ്റവും വലിയ വാശിയേറിയ ഒന്നായി മാറുമെന്ന സൂചനയാണ് തദ്ദേശഫലങ്ങൾ നൽകുന്നത്.
ഇടത് അടിത്തറ ഇളകി
2020ൽ കെട്ടിപ്പൊക്കിയ പാലക്കാട്ടെ ചുവപ്പുകോട്ടയ്ക്ക് വിള്ളൽ വീഴ്ത്തുന്നതായിരുന്നു തദ്ദേശ ജനവിധി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിനേറ്റത് കനത്ത തിരിച്ചടി. നേട്ടം കൊയ്തത് യു.ഡി.എഫും ബി.ജെ.പിയും. ഹാട്രിക് വിജയം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് ഒരല്പം നിരാശ. വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിൽ അവർക്ക് എത്താനായില്ല. യു.ഡി.എഫ്, എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. പട്ടാമ്പി, ചിറ്റൂർ തത്തമംഗലം നഗരസഭകൾ ഇടതിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. നഗരസഭകളിൽ ബി.ജെ.പി നില മെച്ചപ്പെടുത്തി. പാലക്കാട്ടെ ചരിത്രത്തിലാദ്യമായി രണ്ടു പഞ്ചായത്തുകൾ ബി.ജെ.പി കൈപ്പിടിയിലൊതുക്കി. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫ് കുത്തകയിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞു.
എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടില്ലെങ്കിലും 19 സീറ്റുകൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഹാട്രിക് ഭരണം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റിലെത്താതെ 25 വാർഡുകളിൽ വിജയിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റിൽ നിന്ന് അഞ്ച് സീറ്റ് വർദ്ധിച്ച് 17ൽ യു.ഡി.എഫും ആറ് സീറ്റിൽനിന്ന് എട്ട് സീറ്റിലേക്ക് കുതിച്ച് എൽ.ഡി.എഫും നേട്ടം കൊയ്തു. എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമതരടക്കം മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു. കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയെങ്കിലും ഭരണം തുലാസിലാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും സി.പി.എമ്മിന്റെ അടിത്തറയിളകി. 183ൽ നിന്ന് 200 സീറ്റുകളായി ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ വർദ്ധിച്ചപ്പോൾ എൽ.ഡി.എഫ് സീറ്റുകൾ 146 ൽ നിന്ന് 116 സീറ്റുകളായി. മാത്രമല്ല നിലവിൽ ഭരണത്തിലുണ്ടായിരുന്ന മണ്ണാർക്കാടിനും പട്ടാമ്പിക്കും പുറമെ അട്ടപ്പാടിയും യു.ഡി.എഫ് പിടിച്ചെടുത്തു.
നിയമസഭയിലും ഇടതിന് സീറ്റു കുറയും
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ എട്ടിടത്ത് ഇടതിന് അനുകൂലം, നാലടിത്ത് യു.ഡി.എഫിനും. തരൂർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, ചിറ്റൂർ മണ്ഡലങ്ങളാണ് ഇടതിന് അനുകൂലമായി നിലകൊള്ളുന്നത്. മണ്ണാർക്കാട്, പട്ടാമ്പി, പാലക്കാട്, തൃത്താല മണ്ഡലങ്ങൾ യു.ഡി.എഫിനാണ് മൂൻതൂക്കം. ഇതിൽ പട്ടാമ്പി, തൃത്താല മണ്ഡലങ്ങൾ നിലവിൽ എൽ.ഡി.എഫിന്റെതാണ്. മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമാണ് തൃത്താല. ഗ്രാമപഞ്ചായത്തുകളെ കൂടാതെ രാഷ്ട്രീയ വോട്ടായി മാറുന്ന പട്ടാമ്പി തൃത്താല മേഖലയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫിന്റെ കൈയിൽനിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.
തൃത്താല, പട്ടാമ്പി മണ്ഡലങ്ങളുടെ പരിധിയിലെ വാടാനാംകുറുശ്ശി, ചാലിശ്ശേരി, കപ്പൂർ, തിരുവേഗപ്പുറ, മുതുതല ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ചാലിശ്ശേരി മാത്രമാണ് എൽ.ഡി.എഫിനുള്ളത്. 2020ൽ തിരുവേഗപ്പുറ മാത്രമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. മണ്ണാർക്കാട് മണ്ഡലത്തിലും യു.ഡി.എഫിന് ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ കൈയിലുണ്ടായിരുന്ന ജില്ല പഞ്ചായത്ത് ഡിവിഷൻ ഇത്തവണ യു.ഡി.എഫ് പിടിച്ചു.
തരൂർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ എൽ.ഡി.എഫിന് ഗ്രാമപഞ്ചാത്ത് തലത്തിലും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും നല്ല ഭൂരിപക്ഷം ഉള്ളതിനാൽ ഇളക്കം തട്ടാൻ സാധ്യതയില്ല. ചിറ്റൂർ മണ്ഡലത്തിൽ നേരിയ തോതിലാണ് എൽ.ഡി.എഫിന് മുൻതൂക്കമുള്ളത്. ഈ നിയോജക മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ എൽ.ഡി.എഫിലെ ജെ.ഡി.എസ് അനൂകൂലമാണെങ്കിലും നിയമസഭാമണ്ഡലത്തിൽ നഗരസഭകൂടി വരുന്നതിനാൽ വിജയസാദ്ധ്യത കണ്ടറിയണം. പാലക്കാട് യു.ഡി.എഫിന് അനുകൂലമാണെങ്കിലും ബി.ജെ.പിയുടെ വോട്ട് വർദ്ധന കടുത്ത മത്സരത്തിന് വഴിവെക്കും.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തിരിച്ചടിക്കുന്നു
കൊവിഡ് കാലത്തെ കരുതലിനൊപ്പം സോഷ്യൽ എൻജിനീയറിംഗ് സമർത്ഥമായി പരീക്ഷിച്ച് തുടർഭരണത്തിന് അടിത്തറയൊരുക്കിയ പിണറായി വിജയന് സമീപകാലത്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തിരിച്ചടിക്കുന്നത് സി.പി.എമ്മിനെ വല്ലാതെ ആശക്കുഴപ്പത്തിലാക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധതയുടെ ചാമ്പ്യൻ പട്ടത്തിനായി ഇടതു - വലതു മുന്നണികൾ മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം യു.ഡി.എഫിന് കൈകൊടുത്തു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും തൃശൂർപൂരം അലങ്കോലമാക്കാൻ നീക്കം നടന്നുവെന്ന ആരോപണവും സുരേഷ് ഗോപി ആംബുലൻസിൽ പൂരപ്പറമ്പിൽ എത്തിയതും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളും മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമർശവും ഏറ്റവും ഒടുവിൽ പി.എം ശ്രീയിൽ ഒപ്പിടാൻ കാണിച്ച ധൈര്യവും സി.പി.എം - ബി.ജെ.പി അന്തർധാര സജീവ ചർച്ചയാക്കാൻ യു.ഡി.എഫിന് ആയുധങ്ങൾ ഏറെയായിരുന്നു.
ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയം
ഇത്തവണ വാർഡ് വിഭജനമടക്കമുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് യു.ഡി.എഫ് ഈ വിജയം കൊയ്തത്. കോൺഗ്രസിലാകട്ടെ തലമുറമാറ്റം ക്രമേണ സംഭവിച്ചു. കാലത്തിനൊത്ത് അജണ്ടകൾ സെറ്റ് ചെയ്യുന്ന യുവനേതാക്കളുടെ വരവ് അവർക്ക് ഊർജമായി. സതീശന്റെ മിഷൻ 2026 ലേക്കുള്ള ആദ്യപകുതി അവർ വിജയകരമായി പിന്നിട്ട് കഴിഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെ പ്രഖ്യാപിച്ച സതീശന്റെ ക്യാപ്റ്റൻസിക്കൊപ്പം ക്രിസ്ത്യൻ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെ അവരോധിച്ചതും യു.ഡി.എഫിന് മുതൽക്കൂട്ടായി. മെറിറ്റിനപ്പുറം സമുദായസന്തുലനം നോക്കിയാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെ പോലും അവർ നിശ്ചയിച്ചത്. ഏത് തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതിയിൽ മാറ്റംവന്നു. എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് അച്ചുതണ്ടുകൾ ഇല്ലാതായി. ഒരിക്കൽ കൂടി തോറ്റാൽ ഇനി ബാക്കിയുണ്ടാവില്ല എന്ന തിരിച്ചറിവിൽ നേതാക്കൾ ഐക്യത്തോടെ നയിച്ചു. കല്പറ്റയിലെ കോൺക്ലേവ് അനുസരിച്ച് ജനസ്വീകാര്യതയുള്ളവരെ സ്ഥാനാർത്ഥികളാക്കി. ചെറുപ്പക്കാരെ ഏറ്റവും കൂടുതൽ മത്സരിപ്പിച്ചതും ഇത്തവണ കോൺഗ്രസായിരുന്നു. സാധാരണയിൽ കവിഞ്ഞ ലീഗ്‌കോൺഗ്രസ് ഐക്യവും ഇരട്ടി ആത്മവിശ്വാസം നൽകി.
എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു
പെൻഷനും ക്ഷാമബത്തയും അലവൻസും കൂട്ടി, സ്ത്രീകൾക്കുള്ള പാക്കേജും യുവാക്കൾക്കുള്ള സ്‌കോളർഷിപ്പും തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കാൻ ഇത് ധാരാളം എന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. മിനി ബഡ്ജറ്റായിരുന്നു ജനരോഷത്തെ മറികടക്കാൻ എൽ.ഡി.എഫ് കണ്ട ഒറ്റമൂലി. ഒപ്പം അടിസ്ഥാന സൗകര്യ രംഗത്തെ വികസനവും ദേശീയപാതയും വോട്ടുകൊണ്ടുവരുമ്പോൾ സേഫ് സോണിലെത്താം. മൂന്നാം ടേമിലേക്ക് ട്രാക്കിലാകാം. എന്നാൽ, മനക്കോട്ട തകർത്ത് കോട്ടകൊത്തളങ്ങൾ വരെ കൈവിട്ട് എൽ.ഡി.എഫ് വൻ തിരിച്ചടി നേരിടുന്നു. ജനം ഒന്നും മറക്കാനും പൊറുക്കാനും തയ്യാറല്ല എന്ന് ഫലം അടിവരയിടുന്നു. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുള്ള പോക്കും അഴിമതി ആരോപണങ്ങളെ നിസാരവത്കരിക്കുന്ന ശൈലിയും മുഖ്യമന്ത്രി കൽപിക്കുന്ന രക്ഷാപ്രവർത്തനവും ശബരിമലയിൽ ഒരിക്കൽ കൈപൊള്ളിയ എൽ.ഡി.എഫ് അതിൽ പാഠം പഠിച്ച് മാപ്പിരന്നും കിറ്റ് നൽകിയുമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ക്ഷീണം മറന്ന് 2020ൽ തദ്ദേശവും പിന്നാലെ തുടർഭരണവും നേടിയത്. എന്നാൽ, അഞ്ച് വർഷത്തിന് ശേഷം ശബരിമലയിലെ സ്വർണപ്പാളി മോഷണം വിശ്വാസികളുടെ ക്ഷമപരീക്ഷിക്കുന്നതായി. കേവലം രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗവും ഗർഭചിദ്രവും ഉയർത്തി വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെ കറ മായ്ക്കാമെന്ന മോഹവും അസ്ഥാനത്തായി. വികസനവും ക്ഷേമവും ദേശീയപാതയുമെല്ലാം ട്രംപ് കാർഡാക്കി തുടർഭരണം എന്നതിലേക്ക് മാത്രമായി എൽ.ഡി.എഫ് ഊന്നുമോ അതോ പ്രീണനത്തിന്റെ പുതിയ വേർഷനാകുമോ സെറ്റ് ചെയ്യുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.