കാലത്തിന്റെ സ്നേഹ വിദൂഷകൻ
നമ്മുടെ സിനിമാവൃക്ഷത്തിന്റെ ചില്ലയിൽ നിന്ന് പ്രിയപ്പെട്ട ഒരു പക്ഷി എന്നെന്നേക്കുമായി പറന്നുപോയിരിക്കുന്നു. ആ പക്ഷിയുടെ നർമ്മമധുരമായ ശബ്ദങ്ങൾ സിനിമയിലും നമ്മുടെ ജീവിതത്തിലും ചിരിയുടെ മുഴക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഇടയ്ക്കിടെ സ്വയം കൂവിയും സമൂഹത്തിന്റെ കാപട്യങ്ങൾക്കു നേരെ ഉറക്കെ കൂവിയും കാലത്തിന്റെ വിദൂഷകനായി മാറിയ ശ്രീനിവാസൻ വേർപിരിയുമ്പോൾ അതൊരു കാലഘട്ടത്തിന്റെ നഷ്ടം കൂടിയായി മാറുകയാണ്. സിനിമാ മേഖലയ്ക്കു മാത്രമല്ല, നമ്മുടെ സാമൂഹിക രംഗത്തിനും ശ്രീനിവാസന്റെ വിയോഗം സത്യത്തിനു നേരെ പിടിച്ച ഒരു കണ്ണാടിക്കഷണം താഴെവീണ് നുറുങ്ങിപ്പോകുമ്പോഴുള്ള വേദനയാണ് പകരുന്നത്. സ്വന്തം നിലനിൽപ്പിനും നേട്ടത്തിനും വേണ്ടി കിന്നരിവച്ച പൊളിവചനങ്ങൾ പറയുന്ന ഒരുപിടി ആളുകളുള്ള സിനിമാരംഗത്ത് ശ്രീനിവാസൻ അതിനൊന്നിനും മുതിരാതെ, സ്വന്തം കഴിവിന്റെയും സർഗാത്മകമായ ഭാവനയുടെയും ഒരേയൊരു മുതൽമുടക്കിൽ നൂറുമേനി കൊയ്ത കലാകാരനാണ്.
പലപ്പോഴും പഴയ ചക്രവർത്തി സദസുകളിലെ പണ്ഡിതനായ വിദൂഷകന്റെ ഓർമ്മ ഉണർത്തുന്നതായിരുന്നു ശ്രീനിവാസന്റെ അഭിനയവും സംഭാഷണങ്ങളും. രാജാവിന്റെ മുഖത്തു നോക്കി അപ്രിയമായ സത്യം അതേപടി പറഞ്ഞാൽ തല പോകും. എന്നാൽ അതേ സത്യം ഹാസ്യത്തിന്റെ ലാവണ്യത്തോടെ അവതരിപ്പിച്ചാൽ രാജാവും ചിരിക്കും. നമ്മുടെ രണ്ട് വലിയ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും സിനിമയിലെ കഥാസന്ദർഭങ്ങളുടെ ചുവടുപിടിച്ച് സൃഷ്ടിക്കുന്ന ഡയലോഗുകളിലൂടെ ഇത്രയധികം നിശിതമായി പരിഹസിച്ചിട്ടുള്ള മറ്റൊരു ആർട്ടിസ്റ്റ് സിനിമയിലില്ല. പാറശാല മുതൽ കാസർകോട് വരെ ഫ്ളക്സുകളിൽ 'എന്റെ തല, എന്റെ ഫുൾ ഫിഗർ... അങ്ങനെയങ്ങനെ" എന്ന് 'ഉദയനാണ് താര" ത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാർ പറയുന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എഴുതിയതെന്ന് വർഷങ്ങൾക്കുശേഷം ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്!
അതേ സിനിമയിലെ പച്ചാളം ഭാസി എന്ന കഥാപാത്രം, സൂപ്പർ സ്റ്റാറിന്റെ പേരിൽ പൊറോട്ടയും പപ്പടവും ഉണ്ടാക്കി ഗൾഫിലേക്ക് കയറ്റി അയച്ചാൽ എത്ര മലയാളികൾ വാങ്ങിക്കഴിക്കുമെന്ന കണക്ക് പറയുന്നുണ്ട്. ഇതാകട്ടെ, മറ്റൊരു സൂപ്പർസ്റ്റാറിന്റെ മാത്രം പടങ്ങൾ ചെയ്യുന്ന നിർമ്മാതാവിനെ ഉദ്ദേശിച്ചാണെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടില്ലെങ്കിലും സിനിമാരംഗത്തുള്ളവർക്കെല്ലാം അറിയാവുന്നതാണ്. യഥാർത്ഥത്തിൽ നടന്മാർ എന്ന നിലയിലുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്ഥാനത്തെയല്ല ശ്രീനിവാസൻ വിമർശിച്ചത്. അവർ സൃഷ്ടിച്ചിരിക്കുന്ന ഇമേജിന്റെ തടവുകാരായി അവർതന്നെ മാറുന്നതിനെയാണ്! ശ്രീനിവാസന്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ സാഹചര്യമൊരുക്കിയ നടന്മാർകൂടിയാണ് ഇരുവരും. കെ.ജി. ജോർജിന്റെ 'മേള" എന്ന ചിത്രത്തിലെ ബൈക്ക് റൈഡറിന്റെ വേഷത്തിലേക്ക് പുതുമുഖമായിരുന്ന മമ്മൂട്ടിയെ നിർദ്ദേശിച്ചത് ചിത്രത്തിന്റെ തിരക്കഥയിലും മറ്റും സഹകരിച്ചിരുന്ന ശ്രീനിവാസനാണ്!
തന്റെ കല്യാണത്തിന് ഒരു രക്തഹാരം അങ്ങോട്ടിടാനാണ് ശ്രീനിവാസൻ വിചാരിച്ചിരുന്നത്. അതാകട്ടെ, താലി വാങ്ങാനുള്ള പാങ്ങില്ലാത്തതിനാലാണ്; അല്ലാതെ, അതിനോടുള്ള എതിർപ്പു കൊണ്ടൊന്നുമല്ല. എന്നാൽ ശ്രീനിവാസന്റെ അമ്മ, കല്യാണത്തിന് പെണ്ണിന് താലി കെട്ടണം എന്ന് നിർബന്ധം പിടിച്ചു. അത് വാങ്ങാനുള്ള രണ്ടായിരം രൂപ നൽകിയത് മമ്മൂട്ടി ആയിരുന്നു. മോഹൻലാലിനെ മലയാളികളുടെ മാനസപുത്രനായി രൂപാന്തരപ്പെടുത്തിയതിൽ ശ്രീനിവാസന്റെ രചനയിൽ പ്രിയദർശനും സത്യൻ അന്തിക്കാടും ഒരുക്കിയ ചിത്രങ്ങൾ വഹിച്ച പങ്ക് ആർക്കും മറക്കാനാവുന്നതല്ല. ശ്രീനിവാസൻ തിരക്കഥ രചിച്ച വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മോഹൻലാൽ പ്രേക്ഷകപർവങ്ങൾ കീഴടക്കി ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത്.
ഒരുപക്ഷേ സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ചിരിയുടെ പഴയ വഴികൾ അവസാനിപ്പിക്കുന്നതിന് തുടക്കം കുറിച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു ശ്രീനിവാസൻ. സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലൂടെയുള്ള ചിരിയും ഡയലോഗിലൂടെയുള്ള ചിരിയും ശ്രീനിവാസന് ജന്മവാസനയുടെ ഭാഗമായി ഒരേപോലെ വഴങ്ങിയിരുന്നു. 'വെള്ളാനകളുടെ നാട്ടി"ലെ റോഡ് റോളറും ആനയും സൃഷ്ടിക്കുന്ന ചിരി എന്നത്തെയും ക്ളാസിക്കാണ്. ഭാര്യയെ ഒളിഞ്ഞ് നിരീക്ഷിക്കാനായി ലോഡ്ജിൽ താമസിക്കുന്ന തളത്തിൽ ദിനേശൻ എന്ന കഥാപാത്രം, രാത്രിയിൽ വീട്ടിലെത്തിയ ഭാര്യയുടെ അച്ഛനെ ആളറിയാതെ തലയ്ക്കടിച്ചിട്ട് തെറ്റിപ്പോയെന്ന് മനസിലാക്കുന്ന നിമിഷം യാതൊരു ഭാവവ്യത്യാസവും കൂടാതെ 'അമ്മാവൻ എപ്പോൾ വന്നു; വീട്ടിൽ അമ്മായിക്ക് സുഖമാണോ' എന്ന് ചോദിക്കുന്നു. ഇങ്ങനെ ചോദിക്കാൻ ശ്രീനിവാസനല്ലാതെ മറ്റൊർക്ക് കഴിയും? മനുഷ്യന്റെ അന്തർ സംഘർഷങ്ങളിലും സങ്കടങ്ങളിലും ജീവിതാവസ്ഥകളുടെ സന്ദിഗ്ദ്ധതകളിലും ഉരുവംകൊണ്ട ഉള്ളിന്റെ ഉള്ളിൽ നിന്നു വന്ന ചിരികളാണ് ശ്രീനിവാസൻ സൃഷ്ടിച്ചിരുന്നത്.
ശ്രീനിവാസന്റെ ജീവിതത്തിലുടനീളം, അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, തമാശയുടെ അന്തർദ്ധാര അതിശക്തമായിരുന്നു. സ്വന്തം അമ്മയോട് പൊട്ടിച്ച ഒരു തമാശയെപ്പറ്റി ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് വയസായപ്പോൾ കുറച്ചുനാൾ മദ്രാസിലെ വീട്ടിൽ വന്നുനിന്നു. എല്ലാദിവസവും പത്രമെടുത്താൽ ചരമപേജാണ് അമ്മ ആദ്യവസാനം വായിക്കുക. നാട്ടിൽ പരിചയമുള്ള ആരെങ്കിലും നിര്യാതരായവരിൽ ഉണ്ടോ എന്നറിയാനാണത്. ഇത് ദിവസവും നിരീക്ഷിച്ചിരുന്ന ശ്രീനിവാസൻ അമ്മയോട് ചോദിച്ചു: '' ഇങ്ങനെ വെറുതേ ആ പേജ് വായിച്ചുകൊണ്ടിരുന്നാൽ മതിയോ, അതിൽ ഫോട്ടോ ഒക്കെ വരണ്ടേ?"" ശ്രീനിവാസന്റെ ഡയലോഗ് കേട്ട് അമ്മയും ചിരിച്ചുപോയി. വിമർശനവും സ്തുതിയും ആരെ ഉദ്ദേശിച്ചാണോ, അതിന് പ്രയോഗിക്കുന്ന നർമ്മം അവരെക്കൂടി ചിരിപ്പിക്കുമ്പോഴാണ് ശുദ്ധമായ ഹാസ്യമാകുന്നത്. ശ്രീനിവാസൻ സിനിമയിൽ ഉപയോഗിച്ചിരുന്ന തുറപ്പുചീട്ടും അതായിരുന്നു.
മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലയിരുത്തുമ്പോൾ, സംവിധാനം ചെയ്ത ഒന്നിനൊന്ന് മെച്ചവും വ്യത്യസ്തവുമായ സ്ത്രീകേന്ദ്രീകൃതമായ രണ്ട് സിനിമകളായ 'വടക്കുനോക്കി യന്ത്ര"വും 'ചിന്താവിഷ്ടയായ ശ്യാമള"യും തന്നെയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ആ സിനിമകളിലെ നായക കഥാപാത്രങ്ങളായി ശ്രീനിവാസനെയല്ലാതെ മറ്റൊരു നടനെയും ഇന്ന് നമുക്ക് സങ്കല്പിക്കാനാവില്ല. അഭിനയത്തിലും എഴുത്തിലും സംവിധാനത്തിലും ഇത്രയധികം സർഗാത്മക്ത പ്രകടിപ്പിച്ച കലാകാരന്മാർ നമുക്ക് വളരെ കുറവാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിക്കുന്ന വേദനാജനകമായ ശൂന്യത വലുതാണ്.
സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടാണ് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒരുപിടി ചിത്രങ്ങൾ ഒരുക്കിയത്. അതുപോലെ, പ്രിയദർശനുമായി അടുത്തതാണ് ശ്രീനിവാസനിലെ തിരക്കഥാകൃത്തിന് ജന്മം നൽകിയത്.
ശ്രീനിവാസൻ രചിച്ച മറ്റെല്ലാം ചിത്രങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നതും ഇന്നും കാലിക പ്രസക്തവുമായ ചിത്രമാണ് 'സന്ദേശം." കാലങ്ങൾ കഴിഞ്ഞിട്ടും, 'സന്ദേശം" പറഞ്ഞ രാഷ്ട്രീയത്തിന്റെ അന്തസ്സാരശൂന്യമായ അസംബന്ധ നാടകങ്ങൾ വൻ ജനാവലിയെ ആകർഷിച്ചുകൊണ്ടുതന്നെ ഇപ്പോഴും തുടരുകയാണ്. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ പരിശീലനം നേടിയിട്ടുള്ള ശ്രീനിവാസൻ 1977-ൽ പി.എ. ബക്കറുടെ 'മണിമുഴക്ക"ത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അറുപത്തിയൊൻപതാമത്തെ വയസിൽ വിടവാങ്ങുന്ന ശ്രീനിവാസൻ 48 വർഷം ചെറുതും വലുതുമായ ചിത്രങ്ങളുടെ ഭാഗമായി സിനിമാരംഗത്ത് നിറഞ്ഞുനിന്നു. 'കേരളകൗമുദി"യുമായി തികഞ്ഞ സൗഹൃദബന്ധം പുലർത്തിയിരുന്ന ശ്രീനിവാസന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും അഗാധ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഡിസംബറിൽ പൊലിഞ്ഞ ആ നക്ഷത്രത്തിന് നിത്യശാന്തി നേരുന്നു.