ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേൽ?, ​ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു

Saturday 20 December 2025 10:34 PM IST

ടെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള ആശങ്കകൾക്കിടെയാണ് ഇസ്രയേലിന്റെ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ഇറാനെതിരായ സൈനിക നടപടി വിശദീകരിക്കാനാണ് ട്രംപിനെ നെതന്യാഹു കാണുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം നെതന്യാഹുവിന്റെ സന്ദർശനം ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗികമായി സമയം തീരുമാനിച്ചിട്ടില്ലെങ്കിലും ഫ്ലോറിഡയിൽ വച്ച് കൂടിക്കാഴ്ച നടന്നേക്കാം എന്നാണ് ട്രംപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച പശ്ചിമേഷ്യയിലെ സ്ഥിരതയെ ബാധിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയാകുമെന്നാണ് പ്രതീക്ഷ,​ കൂടാതെ ഇറാന്റെ മിസൈൽ ഉത്പാദനം പുനഃസ്ഥാപിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ നവീകരിക്കുന്നതും പ്രധാന ചർച്ചാവിഷയമാകുമെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.