മിത്രക്കരിയിൽ തോട് മലിനം, വെള്ളത്തിനായി നെട്ടോട്ടം

Sunday 21 December 2025 8:19 AM IST

കുട്ടനാട് : കടുത്ത കുടി​വെള്ളക്ഷാമം അനുഭവപ്പെടുന്ന മി​ത്രക്കരി​യി​ൽ മലി​നീകരി​ക്കപ്പെട്ടു കി​ടക്കുന്ന നാട്ടുതോട് ശുചീകരി​ക്കാത്തതി​ൽ പ്രതി​ഷേധം ശക്തമാകുന്നു. ഒരാവശ്യത്തി​നുപോലും തോട്ടി​ലെ വെള്ളം ഉപയോഗി​ക്കാനാകാത്ത സ്ഥി​തി​യാണി​പ്പോൾ. തോട്ടി​ൽ പോളയും കടകലും തിങ്ങിവളർന്നി​ട്ട് ഒരുവർഷത്തി​ലേറെയായി​.

മുട്ടാർ പഞ്ചായത്ത് മിത്രക്കരി 13ാം വാർഡിൽ നൂറുകണക്കിന് കുടുംബങ്ങളാണ് കുളിക്കാനോ പാത്രം കഴുകുന്നതിനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ പോലും വെള്ളമി​ല്ലാതെ ബുദ്ധിമുട്ടുന്നത്. ഓരുവെള്ളപ്രശ്നവും വേലിയേറ്റവും കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് വൻഭീഷണിയായി മാറിയതോടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഓരോന്നായി അടച്ചു തുടങ്ങിയത് നാട്ടുതോടുകളിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനും വെള്ളംകെട്ടിക്കിടന്ന് മലിനീകരണപ്രശ്നം രൂക്ഷമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതോടെ തോട്ടിൽ നിന്ന് ദുർഗന്ധം വമിക്കാനും തുടങ്ങി .

കുട്ടനാട്ടിൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വർദ്ധിച്ച് വരുന്നതിന് പിന്നിൽ നാട്ടിലെ ശുദ്ധജലക്ഷാമം പ്രധാന പങ്ക് വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും ഇതിന് തടയിടാനോ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാനോ അധികൃതർ തയ്യാറാകാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്.

വാട്ടർ അതോറിട്ടി ലൈനില്ല

1.ഈ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനുകളോ ടാപ്പുകളോ ഇല്ല

2.കിലോമീറ്ററുകളോളം താണ്ടിയാലേ കുടിവെള്ളം സംഭരിക്കാനാവുകയുള്ളൂ

3. മലിജലം ഉപയോഗിച്ച് നിരവധിപേർക്ക് ത്വക് രോഗങ്ങൾ ഉൾപ്പെട‌െ ഉണ്ടായിട്ടുണ്ട്

4.നിരവധിതവണ പഞ്ചായത്തിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ

ഒരു കാലത്ത് എടത്വാ - മാമ്പുഴക്കരി ബോട്ട് സർവ്വീസ് വരെ നടത്തിവന്ന നാട്ടുതോട് അടിയന്തരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ പുതിയ പഞ്ചായത്ത് ഭരണസമിതിയെങ്കിലും തയ്യാറാകണം

- നാട്ടുകാർ