ശ്രീനിവാസനെ തിരക്കഥാകൃത്താക്കിയത് തിരുവനന്തപുരം
തിരുവനന്തപുരം: ശ്രീനിവാസനിലെ തിരക്കഥാകൃത്ത് എന്ന പ്രതിഭ ഉദിച്ചുയർന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നു. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിൽ അഭിനയിച്ച് മടങ്ങിയ ശ്രീനിവാസനെ,സംവിധായകൻ അടുത്ത ചിത്രമായ ഓടരുതമ്മാവാ ആളറിയാം എന്ന പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാനായി തിരുവനന്തപുരം നഗരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
കഥ ഏതാണ്ടൊക്കെ ശരിയായെങ്കിലും,തിരക്കഥ തയ്യാറാക്കാനാകാതെ കൺഫ്യൂഷനിലായിരുന്നു പ്രിയദർശൻ.
പടത്തിൽ അഭിനയിക്കണമെങ്കിൽ തിരക്കഥ എഴുതിത്തരണമെന്ന് പ്രിയൻ പറഞ്ഞപ്പോൾ,ശ്രീനിക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.അങ്ങനെ 'സിനിമയുടെ തിരക്കഥ എന്ന നടുക്കടലിലേക്ക് തള്ളിയിട്ട് മുക്കിക്കൊല്ലാൻ ശ്രമിച്ച വിദഗ്ദ്ധൻ' എന്നാണ് പ്രിയദർശനെ ഒരിക്കൽ ശ്രീനിവാസൻ വിശേഷിപ്പിച്ചത്.
തിരുവനന്തപുരത്തെ ജവഹർനഗറിലും പരിസരത്തുമായിരുന്നു 'ഓടരുതമ്മാവാ ആളറിയാം' സിനിമയുടെ ഷൂട്ടിംഗ്. ആ സിനിമയിൽ മൂന്ന് കോളേജ് കുമാരന്മാരിൽ ഒരാളായി അഭിനയിക്കുകയും ചെയ്തു ശ്രീനി.സൂപ്പർഹിറ്റോടെ ശ്രീനി മലയാളത്തിന്റെ പുതിയ തിരക്കഥാകൃത്തായി.
പ്രിയനെ കൂടാതെ തിരുവനന്തപുരത്തുകാരായ മോഹൻലാൽ,മണിയൻപിള്ള രാജു,ജഗദീഷ്,നിർമ്മാതാവ് സുരേഷ്‌കുമാർ എന്നിവരുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ.
മോഹൻലാൽ,പ്രിയദർശൻ,ശ്രീനിവാസൻ,മണിയൻപിള്ള രാജു കൂട്ടുക്കെട്ടിൽ പിറന്ന ആദ്യ ചിത്രം 'ഹലോ മൈ ഡിയർ റോംഗ് നമ്പർ' വൻ ഹിറ്റായിരുന്നു. മണിയൻ പിള്ള രാജു നിർമ്മിച്ച് ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്ന മറ്റൊരു സിനിമയായിരുന്നു 'വെള്ളാനകളുടെ നാട്'.
തിരുവനന്തപുരത്തുകാരനായ ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത 'ഒരു നാൾ വരും' നിർമ്മിച്ചത് മണിയൻപിള്ള രാജുവായിരുന്നു. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. മണിയൻപിള്ള രാജു നായകനായ 'അക്കരെ നിന്നൊരു മാരൻ' എന്ന ചിത്രത്തിന്റെ രചന ശ്രീനിവാസനായിരുന്നു. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രമായിരുന്നു 'മുത്താരംകുന്ന് പി.ഒ'.
''മലയാളത്തിന്റെ ഏറ്റവും മികച്ച മൂന്ന് തിരക്കഥാകൃത്തുകൾ ആരെന്ന് ചോദിച്ചാൽ എം.ടി.വാസുദേവൻ നായർ,പി.പദ്മരാജൻ,ശ്രീനിവാസൻ എന്ന പേരുകൾ മാത്രമേ ഞാൻ പറയൂ''- മണിയൻപിള്ള രാജു