മെഡി.കോളേജ് ആശുപത്രിയിലേക്ക് പോകാൻ പൊട്ടിപ്പൊളിഞ്ഞ റോഡ്
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഖ്യകവാടം മുതൽ അത്യാഹിതം വരെയുള്ള റോഡും വാർഡുകളിലേക്കും ,മോർച്ചറിയിലേക്കും സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലേക്കുള്ള റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ജില്ലയുടെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് രോഗികളും ബന്ധുക്കളും ദിനംപ്രതി ചികിത്സക്കായി എത്തുന്ന ആശുപത്രിക്കുള്ളിലേക്ക് വാഹനങ്ങളിൽ പ്രവേശിക്കാനാവാത്ത സ്ഥിതിയാണുള്ളത്.
അത്യാസന്ന നിലയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന രോഗികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ശാസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുന്ന രോഗികളും, പ്രസവശേഷം മടങ്ങുന്ന അമ്മയുംകുഞ്ഞുമൊക്കെ വളരെ ബുദ്ധിമുട്ടിയാണ് തകർന്ന റോഡിലൂടെ യാത്ര ചെയ്യുന്നത്. രോഗികളുമായി വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴുന്നതും തകരാറിലാകുന്നതും നിത്യസംഭവമാണ്.
യോഗം വിളിച്ചു, ഒന്നും നടന്നില്ല
1. ഒരു വർഷം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടർന്ന് എം.എൽ.എ എച്ച്.സലാം ആശുപത്രിയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു
2. ഉടൻ തന്നെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല
3. ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനയുടെ തെളിവാണ് തകർന്ന റോഡുകളെന്നാണ് നാട്ടുകാരും, ഡ്രൈവർമാരും രോഗികളും പറയുന്നത്
4. ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികളും ഗർഭിണികളും വളരെയേറെ ദുരിതം സഹിച്ചാണ് വാഹനങ്ങളിൽ ആശുപത്രിയിലേക്ക് എത്തുന്നത്
അത്യാസന്ന നിലയിലുള്ള രോഗികളും, ഗർഭിണികളും വാഹനങ്ങളിൽ ആശുപത്രിയിലേക്ക് വരുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്താത്തത് രോഗികളോടുള്ള വെല്ലുവിളിയാണ്
- യു.എം.കബീർ, പൊതുപ്രവർത്തകൻ